സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

ലോക്കല്‍ സോഡയ്ക്ക് രണ്ട് രൂപ മുതല്‍ നാല് രൂപ വരെ വില കൂട്ടി

തിരുവനന്തപുരം: സാധാരണക്കാരന്റെ ദാഹശമനിയായ സോഡയുടെ വില വര്‍ധിപ്പിച്ചു. ഇനി സോഡാ നാരങ്ങയ്ക്കും വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും, ഉല്‍പ്പന്നത്തെ ജിഎസ്ടി പരിധിയിലാക്കിയതുമാണ് തിരിച്ചടിയായത്. ലോക്കല്‍ സോഡ വിലയില്‍ രണ്ട് രൂപ മുതല്‍ നാല് രൂപവരെയാണ് വില വര്‍ധിച്ചത്. പ്രമുഖ സോഡാ നിര്‍മ്മാണ കമ്പനികള്‍ മുന്‍പുതന്നെ വില കൂട്ടിയിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ സോഡയുടെ വിലയും കൂട്ടിയത്. ഇന്നുമുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. കളറില്ലാത്ത കുപ്പി സോഡയ്ക്ക് അഞ്ചില്‍ നിന്നും ഏഴ് രൂപയും കളര്‍ സോഡയ്ക്ക് ഏഴില്‍ നിന്ന് ഒന്‍പത് രൂപയുമാണ് കൂടിയത്. ഇതോടെ പത്തുരൂപയ്ക്ക് വിറ്റിരുന്ന സോഡാ നാരങ്ങയ്ക്ക്15 രൂപയാകും.

ബാറുകളിലും, ബേക്കറികളിലുമാണ് ലോക്കല്‍ സോഡകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 750 ലധികം സോഡാ നിര്‍മ്മാണ യൂണിറ്റുകളാണുള്ളത്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സോഡാ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ആറ് വര്‍ഷം മുന്‍പാണ് അവസാനമായി സോഡയ്ക്ക് വില കൂടിയത്.

Exit mobile version