തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തെ വിമർശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും പതിനൊന്നാം മണിക്കൂറിൽ അല്ല ആരോപണം ഉന്നയിക്കേണ്ടിയെന്നും കമ്മീഷൻ അറിയിച്ചു.
ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്. പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പിഴവ് ചൂണ്ടിക്കാട്ടിയില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
കള്ളവോട്ട് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നേരത്തെ ഇരട്ടവോട്ട് വിവാദത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കർശന നിർദേശവും നൽകിയിരുന്നു.
സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്. എൽഡിഎഫിനെ ലക്ഷ്യം വെച്ചാണ് ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്ന് സ്ഥിരീകരിച്ചിരുന്നു. താമസം മാറുകയും മറ്റും ചെയ്യുമ്പോൾ പുതിയ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതാണ് ഇരട്ടവോട്ട് പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നാണ് നിരീക്ഷണം.
ചെന്നിത്തലയുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. ഓൺലൈനായി ഒരാൾ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോൾ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാൻ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.