തൃശ്ശൂർ: ഇന്ധന-പാചകവാതക വിലയൊന്നും തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടെന്ന് ജനങ്ങളെ ഉപദേശിച്ച് തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പെട്രോളും ഡീസലും വിഷയമാക്കിയെടുത്ത് നിങ്ങൾ ഒരു തെറ്റായ തീരുമാനമെടുത്താൽ അഞ്ച് വർഷത്തേക്കാണ് ക്രഷറിയിൽ ചെന്ന് വീഴുന്നത്. ഇന്ധനവില ചിലപ്പോൾ നാലഞ്ച് മാസം കൊണ്ട് താഴെപ്പോയെന്ന് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതോടൊപ്പം ഇന്ധനവില വർധനയിൽ താനും ദുരിതമനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പണമുണ്ടെന്ന് വിചാരിക്കരുത്. പണം എന്തിനൊക്കെ ചെലവാക്കുന്നു. അധികം പണമുള്ളവർക്കോ അല്ലെങ്കിൽ പണമില്ലാത്തവനോ പ്രശ്‌നമില്ല. ഇടത്തരക്കാരനാണ് അത് വലിയ ബുദ്ധിമുട്ടായി വരുന്നത്.”
“ഇന്ധന വില വർധനവ് എന്ന ഈ സമ്പ്രദായം പക്ഷെ ആരാണ് തുടങ്ങിവെച്ചത്. കമ്പനികൾക്ക് അവർക്ക് തോന്നിയത് പോലെ വില നിശ്ചയിക്കാമെന്ന് ആരാണ് തുടങ്ങിവെച്ചത്. അതിനകത്ത് രാഷ്ട്രീയം നമുക്ക് പറയേണ്ടിവരും. പക്ഷെ അങ്ങനെ ഒരു സംവിധാനം ഇവരും വെച്ച് പോരുന്നതിൽ എനിക്ക് യോജിപ്പില്ല.”- സുരേഷ് ഗോപി സ്വന്തം പാർട്ടിയുടെ നേതൃത്വത്തെ തന്നെ വിമർശിക്കുന്നു.