കൊച്ചി: ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആരോപണം മാത്രമാണിതെന്നും പീയുഷ് ഗോയല്‍ പറയുന്നു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. യാത്രക്കാര്‍ ആരെന്ന് മനസിലായപ്പോള്‍ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി ആക്രമിച്ചുവെന്നത് വ്യാജപ്രചരണമാണ്’, ഗോയല്‍ പറയുന്നു.
മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു.
Discussion about this post