പുത്തൂര്‍: ‘ഇവിടെ കൊടും തണുപ്പാണ്, ഇനിയങ്ങോട്ടു പോയാല്‍ റേഞ്ച് കിട്ടില്ല.. തിരികെ വന്നിട്ടു വീണ്ടും വിളിക്കാം’ നോവ് ആവുകയാണ് അഭിലാഷിന്റെ അവസാന വീഡിയോ കോളും വാക്കുകളും. സൈന്യത്തിന്റെ വാഹനവ്യൂഹം പുറപ്പെടും മുന്‍പായിരുന്നു ഈ വീഡിയോ കോള്‍. ഭാര്യ രഞ്ജിനിയെയും മക്കളെയും വിളിച്ച് ഫോണ്‍ വെയ്ക്കുമ്പോള്‍ കരുതിയിരുന്നില്ല.. അത് അവസാന യാത്രയാണെന്ന്.
ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ച മാവടി അഭിലാഷ് ഭവനില്‍ എസ്.അഭിലാഷ്‌കുമാര്‍ മരണപ്പെട്ടത്. ഇന്നലെ രാവിലെ 7ന് ആണ് ഭാര്യയെ വിഡിയോ കോള്‍ ചെയ്തത്. ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിനു പ്രിയം.
ഇന്നലെയും അതാവര്‍ത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു വീട്ടുകാരും. പിന്നാലെയാണ് ദുഃഖവാര്‍ത്തയും എത്തിയത്. അഭിലാഷിന്റെ വാഹനം അപകടത്തില്‍ പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമായിരുന്നു ആദ്യവിവരം. മരണം സ്ഥിരീകരിച്ച സന്ദേശം പിന്നാലെയെത്തി. ആ ആഘാതത്തില്‍ നിന്നും ഇതുവരെ കുടുംബം മുക്തിനേടിയിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്ത് അഭിലാഷ് നാട്ടിലുണ്ടായിരുന്നു. ഡെറാഡൂണില്‍ നിന്നു ലഡാക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഭാര്യയെയും മകനെയും നാട്ടിലാക്കാനുള്ള വരവായിരുന്നു അത്.
കുടുംബവീടിനോട് ചേര്‍ന്ന് അഭിലാഷിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഇതിന്റെ കുറച്ചു പണികള്‍ കൂടി തീര്‍ത്തിട്ടായിരുന്നു മടക്കം മേയ് 5ന് ആണ് ഇവരുടെ വിവാഹ വാര്‍ഷികം. അതിനു മുന്‍പ് എന്തായാലും നാട്ടിലെത്തും എന്ന് ഇന്നലെയും ഫോണ്‍ വിളിച്ചപ്പോള്‍ രഞ്ജിനിക്ക് ഉറപ്പു നല്‍കിയിരുന്നു. ഈ വാക്കാണ് ഇന്ന് തീരാനോവായി തീര്‍ന്നത്.
Discussion about this post