തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറുവാനായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ യോഗ പഠിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം. വ്യക്തിത്വവികസനം ഉള്‍പ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്.
രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസവും കണ്ടക്ടര്‍മാര്‍ക്ക് രണ്ടുദിവസവുമാണ് പരിശീലനം നല്‍കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും.
മികച്ച ഡ്രൈവിങ് ഉറപ്പാക്കാന്‍ ഡ്രൈവിങ് പരിശീലകരും, റോഡ്സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യബാച്ചിലെ 350 ജീവനക്കാരുടെ പരിശീലനമാണ് കോവളം അനിമേഷന്‍ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലും പുരോഗമിക്കുന്നത്. 31-ന് പരിശീലനം സമാപിക്കും. ഇതു വിലയിരുത്തി പരീശീലനപദ്ധതിയില്‍ മാറ്റംവരുത്തുമെന്ന് അധികൃതര്‍ അറിയിക്കുന്നു.