ഷാര്‍ജ: ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം നല്‍കുന്ന ‘അണ്‍എംപ്ലോയ്ഡ് സ്പൗസ് സാലറി’ എന്ന പദ്ധതി നടപ്പാക്കി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ദീപ പ്രഭിരാജ് എന്ന വീട്ടമ്മയാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്.
ഗ്രൂപ്പിന്റെ 23ാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ ആശയം പ്രാവര്‍ത്തികമാക്കി തുടങ്ങിയെന്ന് ചെയര്‍മാനും സിഇ.ഒയും സംവിധായകനുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു. ഇതൊരു ആഗോള വിപ്ലവത്തിന്റെ തുടക്കമാകട്ടെയെന്ന് സോഹന്‍ റോയ് പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കള്‍ക്ക് വര്‍ഷങ്ങളായി പെന്‍ഷന്‍ നല്‍കിവരുന്നുണ്ട് ഏരീസ്. ജീവനക്കാരുടെ കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും പഠന സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നു.
വീട്ടമ്മമാര്‍ക്ക് പങ്കാളികള്‍ ശമ്പളം നല്‍കണമെന്ന ആശയം യു.പി.എ സര്‍ക്കാറില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണാ തിരാത്ത് 2012ല്‍ പങ്കുവച്ചെങ്കിലും ആരും പ്രായോഗികമാക്കിയിരുന്നില്ല. തുടര്‍ന്നാണ് ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ കമ്പനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം കൊടുക്കും എന്ന പ്രഖ്യാപനം സോഹന്‍ റോയ് നടത്തുന്നത്.