മൂന്നിനെ തിരുത്തി പൂജ്യമാക്കി; ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് 5000 രൂപ തട്ടിയെടുത്തു

കായംകുളം: ലോട്ടറി വില്‍പ്പനക്കാരനെ ടിക്കറ്റിലെ നമ്പര്‍ തിരുത്തി കബളിപ്പിച്ച് സമ്മാനത്തുക തട്ടിയെടുത്തു. കായംകുളത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം ടിക്കറ്റ് വില്‍പ്പന നടത്തുന്ന അബ്ദുള്‍ സലാം എന്നയാളാണ് തട്ടിപ്പിനിരയായത്.

നമ്പര്‍ തിരുത്തി 5000ത്തോളം രൂപയാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. 20ന് നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കെ. ആര്‍ 655790 എന്ന നമ്പറിന് അയ്യായിരം രൂപ സമ്മാനം ഉണ്ടായിരുന്നു.

കെആര്‍ 655793 എന്ന നമ്പര്‍ ഉള്ള ടിക്കറ്റില്‍ അവസാനത്തെ 3 എന്ന അക്കം പൂജ്യം ആക്കി തിരുത്തി തട്ടിപ്പ് നടത്തിയ ആള്‍ പണം കൈക്കലാക്കുകയായിരുന്നു.

വ്യാജ ടിക്കറ്റുമായി വന്നയാള്‍ 4900 രൂപ അബ്ദുല്‍ സലാമിന്റെ കയ്യില്‍ നിന്നും വാങ്ങി. പിന്നാലെ അടുത്ത ദിവസം നറുക്കെടുക്കുന്ന അക്ഷയ ടിക്കറ്റിന്റെ 22 ടിക്കറ്റുകള്‍ 880 രൂപ നല്‍കി വാങ്ങുകയും ചെയ്തു.

പണം തിരികെ ലഭിക്കുന്നതിനായി ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോഴായിരുന്നു തട്ടിപ്പിനിരയായ വിവരം സലാം അറിയുന്നത്. ടിക്കറ്റില്‍ നമ്പര്‍ തിരുത്തിയതായി ഏജന്‍സി കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിനും പോലീസിനും സലാം പരാതി നല്‍കിയിട്ടുണ്ട്. നമ്പര്‍ തിരുത്തി പണം തട്ടുന്നത് പതിവായിരിക്കുകയാണ്. പ്രായമായ ലോട്ടറി വില്‍പ്പനക്കാരെയാണ് വ്യാജ ടിക്കറ്റ് നല്‍കി പറ്റിയ്ക്കുന്നത്.

Exit mobile version