കോട്ടയം: തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാതിരിക്കാൻ താൻ പഠിച്ച പണി പതിനെട്ടും അതിനപ്പുറവും പയറ്റി നോക്കിയെന്ന് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.’ഞാൻ 27 വർഷം ഐഎഎസ്സിലുണ്ടായിരുന്നു. ഒരിക്കലും ആരിലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഞാൻ എംഎൽഎയായപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പോലീസ് സ്‌റ്റേഷനിൽ വിളിക്കില്ല. അത്ര അനീതി കണ്ടാൽ ഞാൻ എസ്പിയെ വിളിക്കും. ഞാൻ ആകെ അഞ്ചോ ആറോ പ്രാവശ്യമേ എസ്പിമാരെ വിളിച്ചിട്ടുള്ളൂ’- കണ്ണന്താനം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടക്കുമ്പോൾ എല്ലാവരും ഒരു സീറ്റ് കിട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നതിനിടെ മത്സരിക്കാനില്ലെന്നായിരുന്നല്ലോ താങ്കളുടെ നിലപാട് എന്ന ചോദ്യത്തോടാണ് അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചത്.
ഝാൻസിയിൽ നടന്ന പ്രശ്‌നങ്ങൾക്കെതിരേ താൻ എപ്പോഴും ശബ്ദമുയർത്തുമെന്ന് പറഞ്ഞ കണ്ണന്താനം എവിടെ അനീതി കണ്ടാലും താനത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അമിത് ഷാ ഇരുന്ന വേദിയിൽ വെച്ചുതന്നെ അപലപിച്ചുവെന്നും അക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടുവെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.