തിരുവനന്തപുരം: സാധാരണക്കാർക്ക് വിതരണം ചെയ്യേണ്ട കിറ്റും പെൻഷനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി നിർത്തിവെപ്പിച്ച പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മാധ്യമപ്രവർത്തകൻ ബഷീർ വള്ളിക്കുന്ന്. അരിയും പെൻഷനുമെല്ലാം ഒന്നിച്ചു നൽകുന്നതിൽ തീർച്ചയായും രാഷ്ട്രീയം കാണും. അത് പൊതുജനങ്ങളോട് പറയാം, പ്രചരണം നടത്താം. പക്ഷേ ഒരു പരാതി കൊടുത്ത് അത് മുടക്കുമ്പോൾ കളി മാറി. അത് ഉണ്ടാക്കുന്ന ഒരു ഡാമേജ് ചില്ലറയായിരിക്കില്ല. അന്നം മുടക്കികൾ എന്ന ആരോപണം എൽഡിഎഫിന് രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ് കൈയ്യിൽ വെച്ച് നൽകുകയാണ് ചെയ്തിരിക്കുന്നതെന്ന് ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.
ബഷീർ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്:
തെരഞ്ഞെടുപ്പിന് ബാക്കിയുള്ള ഏറ്റവും ക്രൂഷ്യലായ ഈ ഒരാഴ്ചക്കാലത്ത് എൽഡിഎഫിന് പ്രയോഗിക്കാൻ ഏറ്റവും മൂർച്ചയുള്ള ഒരായുധം താലത്തിൽ വെച്ച് കൊടുത്തിരിക്കുകയാണ് രമേശ് ചെന്നിത്തലയും യുഡിഎഫും.. അന്നം മുടക്കികൾ എന്ന ആരോപണം. തെരഞ്ഞെടുപ്പ് എന്നാൽ തന്ത്രങ്ങളുടെ കളിയാണ്, ഒരടി പിഴച്ചാൽ ആഴമുള്ള കൊക്കയിലേക്ക് വീഴും. അരിയും പെൻഷനുമെല്ലാം ഒന്നിച്ചു നൽകുന്നതിൽ തീർച്ചയായും രാഷ്ട്രീയം കാണും. അത് പൊതുജനങ്ങളോട് പറയാം, പ്രചരണം നടത്താം. പക്ഷേ ഒരു പരാതി കൊടുത്ത് അത് മുടക്കുമ്പോൾ കളി മാറി. അത് ഉണ്ടാക്കുന്ന ഒരു ഡാമേജ് ചില്ലറയായിരിക്കില്ല. ഇനി നോക്കിക്കോളൂ, എൽ ഡി എഫിന്റെ ഇനിയുള്ള ദിവസങ്ങളിലെ ഏറ്റവും മൂർച്ചയുള്ള ആയുധം ഇതായിരിക്കും.
പ്രത്യേകിച്ച് കോവിഡ് കാലമാണ്. ജനങ്ങൾ തൊഴിലില്ലാതെ, ഉപജീവനമാർഗ്ഗമില്ലാതെ, കച്ചവടമില്ലാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലം. സർക്കാരിന്റെ പിന്തുണകൾ കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്ന കാലം. കേരളത്തിൽ മാത്രമല്ല, ലോകത്തെവിടേയും സർക്കാറുകൾ ജനങ്ങൾക്ക് പണമായും സേവനമായും സൗജന്യങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ്. സാമ്പത്തികമായി ഏറെ ഉയർച്ചയിൽ നിൽക്കുന്ന അമേരിക്കയിൽ പോലും ഭക്ഷണ കിറ്റുകൾ നൽകുന്നു, ബഹുഭൂരിപക്ഷം ജനങ്ങൾക്കും പണമായി തന്നെ സർക്കാർ സഹായം എത്തുന്നു. 1400 ഡോളറിന്റെ കോവിഡ് സ്റ്റിമുലസ് ചെക്കുകൾ പൗരന്മാരുടെ അക്കൗണ്ടുകളിലൂടെ നൽകുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ് അവിടെ. അങ്ങനെയൊക്കെയാണ് ജനങ്ങൾ ലോകത്ത് ജീവിച്ചു പോകുന്നത്.
കിറ്റ് സർക്കാർ എന്ന് പരിഹസിക്കുന്നവർക്ക് അത് തുടരാം, പക്ഷേ ഇതുപോലുള്ള കിറ്റുകളോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു മഹാമാരിയുടെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് മറക്കരുത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ ഇനി അരിയിലേക്കും പെൻഷനിലേക്കും കിറ്റിലേക്കും വരും. അടുക്കളകളിൽ അവ കൂടുതൽ ചർച്ച ചെയ്യപ്പെടും. കഴിഞ്ഞ കാലങ്ങളിൽ കിട്ടിയ സഹായങ്ങളും അവ കൊണ്ട് പിടിച്ചു നിന്ന അനുഭവങ്ങളും വീണ്ടും വീണ്ടും ജനങ്ങൾ ഓർക്കും.. സ്ത്രീകളും വീട്ടമ്മമാരും പ്രായമുള്ളവരുമെല്ലാം ആ ചർച്ചകളിലേക്ക് കണ്ണും കാതും നല്കും.. അന്നംമുടക്കികൾ എന്ന പോസ്റ്ററുകൾ കേരളമൊട്ടാകെ ഉയരും.
അതാണ് പറഞ്ഞത്, ഒരു ചുവട് പിഴച്ചാൽ അതിന്റെ ഇമ്പാക്ക്ട് വളരെ വലുതായിരിക്കും എന്ന്.. പൊതുവേ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾക്ക് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ആ രംഗത്ത് കഴിവ് തെളിയിച്ച ആളുകളെ ഇറക്കാറുണ്ട്. യു എന്നിൽ നിന്നോ നാസയിൽ നിന്നോ ആളുകളെ കൊണ്ട് വരണമെന്നില്ല, നമ്മുടെ നാട്ടിൽ തന്നെ കാണും തലയിൽ ആൾതാമസമുള്ളവർ.. ചെന്നിത്തലക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്ന ടീം ഏതാണ് എന്നറിയില്ല. അങ്ങനെ ഒരു ടീം ഉണ്ടെങ്കിൽ കുളിപ്പിച്ച് കയ്യിൽ കൊടുക്കുന്ന ടീമാണ് എന്നത് ഉറപ്പാണ്.
യുഡിഎഫുകാരെ പടച്ചോൻ കാക്കട്ടെ..