പാലക്കാട്: താന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറിയെന്ന് ഇ ശ്രീധരന്‍. തന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ നിരവധി പേരാണ്
ബിജെപി അനുകൂല മനോഭാവവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
കേരളത്തില്‍ ബിജെപി 40 മുതല്‍ 75 വരെ സീറ്റുകള്‍ നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടസമുണ്ടാവില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പില്‍ സഹായകരമാകും, സംസ്ഥാനത്ത് ബിജെപിക്കും ഇത് സഹായകരമാകും. ഒരു വെല്ലുവിളിയുമില്ലാതെ പാലക്കാട് ജയിക്കാനാവുമെന്നും മെട്രോമാന്‍ പറയുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കഴിഞ്ഞ 67 വര്‍ഷമായി താന്‍ ശ്രമിച്ചിട്ടുള്ളത്.
മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്. ഭക്ഷണം, ഊര്‍ജ്ജം, തൊഴിലാളികള്‍ അടക്കമുള്ള കാര്യങ്ങളില്‍ പോലും സ്വയം പര്യാപ്തത കൈവരിക്കാന്‍ സംസ്ഥാനത്തിന് ഇതുവരെയായിട്ടില്ല.
കഴിഞ്ഞ 20 വര്‍ഷമായി ഒരു വ്യവസായവും കേരളത്തിലില്ല. തൊഴില്‍ അവസരങ്ങള്‍ കേരളത്തിലില്ല. അതിനാല്‍ വിദ്യാഭ്യാസം നേടി കേരളത്തിലെ ആളുകള്‍ കേരളത്തിന് പുറത്ത് പോയാണ് ജോലി ചെയ്യുന്നത്. പുറത്ത് നിന്ന് നോക്കിയാല്‍ കേരളത്തിന് തകരാറൊന്നുമില്ല. എന്നാല്‍ പുറത്ത് നിന്നുള്ള പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.
കേരളത്തിലെ ബിജെപിയുടെ അവസ്ഥ മുന്‍പുള്ളത് പോലെയല്ല. വലിയ രീതിയിലാണ് ബിജെപി കേരളത്തില്‍ മുന്നേറുന്നത്. ഒരു നിര്‍ണായക ശക്തിയായി ബിജെപി സംസ്ഥാനത്ത് മാറുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികളുടെ വികാരത്തെ ചവിട്ടിമെതിച്ചുവെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറയുന്നു.
Discussion about this post