കണ്ണൂര്‍: ഇരട്ടവോട്ട് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ ആരോപണം തള്ളി ഐഐസിസി വക്താവ് ഷമ മുഹമ്മദ്. അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്നാണ് ഷെമ മുഹമ്മദ് പറയുന്നത്.
‘2016 ഏപ്രിലിലാണ് ഈ വോട്ടര്‍ ഐഡി കിട്ടിയത്. അതിനു ശേഷം 2016 നിയമസഭ ഇലക്ഷനിലും 2019 ലോക്‌സഭ ഇലക്ഷനിലും 2020 കോര്‍പറേഷന്‍ ഇലക്ഷനിലും വോട്ട് ചെയ്തു. ഇന്നലെ വരെ പ്രശ്‌നമുണ്ടായിട്ടില്ലെന്നും ഷെമ മുഹമ്മദ് പറഞ്ഞു. സിപിഎമ്മമിനെതിരേയും പിണറായി വിജയനെതിരേയും സംസാരിക്കുന്നതുകൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഷമയുടെ ഇരട്ടവോട്ട് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടത്. കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലാണ് ഷമയുടെ പേര് രണ്ടുവട്ടം ചേര്‍ത്തിരിക്കുന്നത്.
വോട്ടര്‍ പട്ടികയിലെ അഞ്ഞൂറ്റി മുപ്പത്തിരണ്ടാം നമ്പറായും, ആയിരത്തി ഇരുന്നൂറ്റി അന്‍പതാം നമ്പറായും ഷമയുടെ പേര്‍ ചേര്‍ത്തതിന്റെ തെളിവാണ് എംവി ജയരാജന്‍ പുറത്ത് വിട്ടത്. കണ്ണൂര്‍ ജില്ലയിലെ ഇരട്ട വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടേതാണെന്നും ജയരാജന്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ്.ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ട്.
പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ മണ്ഡലത്തിന് പുറമെ മൂവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും ഇവരുടെ പേരുണ്ട്.