സീതത്തോട്: നടന്നുപോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് രക്ഷകരായി ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനും സംഘവും. കൊടുമുടി മനുഭവനില്‍ 70കാരിയായ സരസമ്മയാണ് വഴിയോരത്ത് കുഴഞ്ഞു വീണത്. സംഘം ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരണപ്പെട്ടു.
വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിന്റെ ഭാഗമായി കെ സുരേന്ദ്രനും സംഘവും ചിറ്റാര്‍ പഞ്ചായത്തിലെ കൊടുമുടി വഴി കടന്നുപോകുമ്പോഴായിരുന്നു വഴിയില്‍ സരസ്സമ്മ കുഴഞ്ഞു വീണത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളായ സ്ത്രീകളും മറ്റും ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനത്തിന് ശ്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തിറങ്ങിയ കെ സുരേന്ദ്രന്‍ ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവരെ പ്രചാരണവ്യൂഹത്തിലുണ്ടായിരുന്ന വാഹനത്തില്‍ ചിറ്റാറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് സരസമ്മയുടെ മരണകാരണം. വര്‍ഷങ്ങളായി കൊടുമുടിയില്‍ ഒറ്റയ്ക്കുതാമസിക്കുന്ന സരസമ്മ അയല്‍വാസിയുടെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് കുഴഞ്ഞുവീണത്. പരേതരായ മധു, മനു എന്നിവര്‍ മക്കളാണ്.