ഇടുക്കി: കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന എകെ ആന്റണിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി. കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി തുറന്നടിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും എകെ ആന്റണിക്കും മറുപടി നൽകവെയാണ് എംഎം മണി ആഞ്ഞടിച്ചത്.
ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവ്വനാശമാണ് ഉണ്ടാവുകയെന്ന് എംഎം മണി പരിഹസിച്ചു. കോവിഡ് വന്നപ്പോൾ ആന്റണി എവിടെ ആയിരുന്നു എന്നും മന്ത്രി ചോദിച്ചു. കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കിൽ ആളുകൾ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചപ്പോൾ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യതയെന്നും സ്വകാര്യമാധ്യമത്തോട് എംഎം മണി പ്രതികരിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച എംഎം മണി കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്ക് അല്ലെന്നും മുന്നറിയിപ്പ് നൽകി. നേതാവായതിനാൽ ചുരുക്കം പേരുമാത്രം അങ്ങേർ പറഞ്ഞാൽ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാൽ എല്ലാവരും കേൾക്കില്ലെന്നും എൽഡിഎഫിന് ഒപ്പം നിൽക്കുന്നവരുണ്ടെന്നും എംഎം മണി വിശദീകരിച്ചു.
Discussion about this post