തൃശ്ശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ വെട്ടിലായത് യുഡിഎഫ് തന്നെ. കയ്പമംഗലം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ശോഭാ സുബിന് മാത്രം മൂന്ന് വോട്ടെന്ന് കണ്ടെത്തി. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന് വോട്ട്. ഒരേ നമ്പറിലുള്ള രണ്ടെണ്ണമുൾപ്പെടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ചെന്നിത്തലയുടെ ആരോപണത്തിനിടെ എൽഡിഎഫ് നേതാക്കളാണ് ഈ രേഖകൾ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27ൽ ക്രമനമ്പർ 763ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്. ഇതേ നമ്പറിൽത്തന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിൽ 144ാം നമ്പർ ബൂത്തിലും ക്രമനമ്പർ 10 പ്രകാരം ഇദ്ദേഹത്തിന് തിരിച്ചറിയൽ കാർഡുണ്ട്.
വലപ്പാട്ടെ ഈ ബൂത്തിൽത്തന്നെ 1243 ക്രമനമ്പറിൽ DBD1446558 നമ്പറിൽ തിരിച്ചറിയൽ കാർഡും വോട്ടും ഉള്ളതായി അവർ ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലിന് പിന്നാലെ സ്ഥാനാർത്ഥി നിയമപ്രകാരം കുറ്റവാളിയാണെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
അതേസമയം, ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുള്ളതിനെക്കുറിച്ച് അറിയില്ലെന്നാണ് കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭാ സുബിന്റെ പ്രതികരണം. വലപ്പാട് പഞ്ചായത്തിലെ തന്റെ വോട്ട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഹിയറിങ് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലായിരുന്നു. അവിടെ ചോദിച്ചപ്പോൾ വലപ്പാട് പഞ്ചായത്തിലെ വോട്ട് റദ്ദായിക്കോളുമെന്ന മറുപടിയാണ് ലഭിച്ചത്. വലപ്പാട് ഒരേ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നതിനെക്കുറിച്ച് അറിയില്ല. ഒരു കാർഡ് ഉപയോഗിച്ചു മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെങ്കിൽ അവരാണ് തിരുത്തേണ്ടതെന്നും ശോഭാ സുബിൻ പറഞ്ഞു.
Discussion about this post