കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; വെളിപ്പെടുത്തി റെയില്‍വേ സൂപ്രണ്ട്

nun attack | bignewslive

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വെച്ചാണ് മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാര്‍ച്ച് 19നായിരുന്നു സംഭവം.

തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്യവേയാണ് ആക്രമണം നടന്നത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്.

പോസ്റ്റുലന്റ്സ് ആയിരുന്നതിനാല്‍ രണ്ട് പേര് സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു.മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്മാറിയില്ലെന്ന് സന്യാസിനമാര്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് എഴുതി. ഇതിന് പിന്നാലെ സംഭവത്തില്‍ അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു.

Exit mobile version