കോഴിക്കോട്: എൻഡിഎ സ്ഥാനമാർത്ഥികളുടെ പത്രിക തള്ളിയ ഗുരുവായൂരിലും തലശേരിയിലും ബിജെപിയുടെ വോട്ടിൽ കണ്ണുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടങ്ങളിലെ ബിജെപി വോട്ട് വേണ്ടെന്നു പറയില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു.
വോട്ടു വേണ്ടെന്ന് രാഷ്ട്രീയ പാർട്ടികളൊന്നും പറയില്ല. ബിജെപി വോട്ടുവേണ്ടെന്ന് സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല തിരിച്ചുചോദിച്ചു. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് അഴിമതി നടത്തുകയാണെന്ന് ആരോപിച്ച ചെന്നിത്തല എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കൊടുക്കേണ്ട അരി പിടിച്ചുവച്ചെന്നും തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇപ്പോഴാണ് വിതരണം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
വിഷുവിന് വിതരണം ചെയ്യേണ്ട കിറ്റ് വളരെ നേരത്തെയാക്കി ഏപ്രിൽ 6ന് മുൻപ് വിതരണം ചെയ്യുന്നു. ഓണത്തിന് കൃത്യസമയത്തു കിറ്റ് വിതരണം ചെയ്തിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കണക്കിലെടുത്തു വിഷുവിന് വളരെ മുൻപുതന്നെ കിറ്റ് കൊടുക്കുന്നെന്നാണ് ചെന്നിത്തലയുടെ നിരീക്ഷണം.
ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു തെരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുകയാണ്. ഇവയെല്ലാം തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് മേൽക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾ ആണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും. യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എറിയുമെന്നും അമിത് ഷായോടായി ചെന്നിത്തല പറഞ്ഞു.
Discussion about this post