കൊച്ചി: മുൻ ഭർത്താവിന്റെ മരണവാർത്ത ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി അറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കെ. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായിരുന്ന രമേശ് കുമാർ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. ഈ വാർത്ത ബിഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ തന്നെ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. മാനസികമായി തളർന്ന താരത്തെ സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.
ബിഗ്ബോസിലേക്ക് വരുന്നതിന് മുമ്പ് തന്നെ രമേശിനെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എല്ലാ കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും നടി പറഞ്ഞു.
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. പിന്നീട് 2011ൽ ഇരുവരും വേർപിരിഞ്ഞു. 2014 ൽ വിവാഹം നിയമപരമായി വേർപ്പെടുത്തിയിരുന്നു. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്.
Discussion about this post