മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് എതിരെ ക്രിമിനൽ കേസുകൾ. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഫിറോസ് ക്രിമിനൽ കേസുകൾ എണ്ണിപ്പറയുന്നത്. ഭീഷണിപ്പെടുത്തി, സ്ത്രീകളെ ആക്രമിച്ചു, പിടിച്ചു പറിക്കാൻ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക തുടങ്ങിയ പരാതികളിലാണ് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘സ്ത്രീയുടെ മാനത്തെ ഇൻസൾട്ട് ചെയ്തു’വെന്ന ആരോപണത്തിലും ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷനിലാണ് സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തിൽ ഐപിസി 509 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാൻ ശ്രമം, വീട്ടിലേക്ക് അതിക്രമിച്ചു കയറുക തുടങ്ങിയ പരാതിയിൽ ഐപിസി 511,451,34 പ്രകാരം എറണാകുളം ജില്ലയിലെ ചേരനല്ലൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, തനിക്ക് എതിരെ കേസുകൾ ഉണ്ടോയെന്ന് ഓർമ്മയില്ലെന്നായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഫിറോസിന്റെ പേരിൽ നിലനിൽക്കുന്ന കേസിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തന്റെ പേരിൽ ഏതെങ്കിലും ഒരു കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മുന്നിൽ കാണിക്കാമല്ലോയെന്നായിരുന്നു ഫിറോസ് മറുപടി നൽകിയത്.
താൻ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്ത കേസ് ഓർമ്മയില്ലായെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്.
ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമുണ്ട്. കമ്പോളത്തിൽ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയർ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല.
Discussion about this post