കൊച്ചി: കേരളത്തില്‍ ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാമനിര്‍ദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്നമാണ്, എങ്കിലും തലശ്ശേരിയിലും ഗുരുവായൂരും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു. ഇരുമുന്നണികളും ഒരുപോലെ അഴിമതിയില്‍ മുങ്ങികുളിച്ചു. പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗ്ഗീയ പ്രീണനത്തിനും അഴിമതിക്കും ജനം തിരിച്ചടി നല്‍കുമെന്നും ബംഗാളില്‍ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പുപ്രചാരണത്തില് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയോടെ കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോയമ്പത്തൂരിലേക്ക് മടങ്ങും.
തലശ്ശേരിയില്‍ അമിത് ഷായുടെ പ്രചാരണം നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് പാര്‍ട്ടിക്ക് അവിടെ സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥിതി വന്നത്. പാര്‍ട്ടിക്ക് പിന്തുണയ്ക്കാന്‍ സ്വതന്ത്രനെ പോലും കണ്ടെത്താനാകാത്ത അനിശ്ചിത്വത്തിലാണ് തലശ്ശേരിയില്‍ ബിജെപിയുള്ളത്.
Discussion about this post