കോഴിക്കോട്: ഗാന്ധിവധത്തിന് ശേഷം ആർഎസ്എസിനെ നിരോധിച്ചിട്ടും താൻ സംഘടന വിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. ഗാന്ധി വധത്തിന് ശേഷവും ആർഎസ്എസ് ആശയത്തോടുള്ള തന്റെ ആഭിമുഖ്യം കുറഞ്ഞില്ലെന്ന് മെട്രോമാൻ സ്വകാര് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്.
‘ഗാന്ധിവധ കാലത്ത് താൻ ആർഎസ്എസിലുണ്ട്. ആ സമയത്ത് വിക്ടോറിയയിൽ പഠിക്കുകയാണ്. ഗാന്ധിവധത്തിനുശേഷം ആർഎസ്എസിനെ നിരോധിച്ചിരുന്നു. പക്ഷേ, ആ നിരോധനം മൂലം ആർഎസ്എസിൽ നിന്ന് വിട്ടുപോയില്ല. പഠനം കഴിഞ്ഞ ഉടൻ ഉദ്യോഗത്തിൽ ചേർന്നതിനാൽ സജീവമായി പ്രവർത്തിച്ചിരുന്നില്ല എന്നേയുള്ളു. പക്ഷേ, അപ്പോഴും ആർഎസ്എസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു’- ഇ ശ്രീധരൻ പറയുന്നു.
കുട്ടിക്കാലത്ത് തന്റെ സ്‌നേഹിതരാണ് ശാഖയിലേക്ക് തന്നെ എത്തിച്ചതെന്നും അന്ന് തന്നെ താൻ ആർഎസ്എസ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നെന്നും ശ്രീധരൻ പറയുന്നു. കുട്ടിക്കാലത്ത് തന്നെ സ്‌നേഹിതരാണ് ശാഖയിലേക്ക് കൊണ്ടുപോയത്. അതിൽ ദുഃഖമില്ല. അഭിമാനത്തോടെ ഒരു കാര്യം പറയാൻ കഴിയും. അവിടെ നിന്ന് പഠിച്ച അച്ചടക്കം, രാജ്യസ്‌നേഹം, ശാരീരികക്ഷമത തുടങ്ങിയ സ്വഭാവഗുണങ്ങൾ ആണ് ഇപ്പോഴും നിലനിൽക്കുന്നത്.- അഭിമുഖത്തിൽ ശ്രീധരൻ ആർഎസ്എസിനെ വാഴ്ത്തുന്നു.
അതേസമയം, സർവീസിൽ ഉണ്ടായിരുന്ന കാലത്ത് കോൺഗ്രസിനാണ് വോട്ട് ചെയ്തിരുന്നത്. ഡൽഹിയിൽ ക്ഷീല ദീക്ഷിത്തിന് വോട്ട് ചെയ്തത് കോൺഗ്രസ് ആണോയെന്ന് നോക്കിയല്ല. അവരുടെ വ്യക്തിത്വത്തിനാണെന്നും ശ്രീധരൻ അവകാശപ്പെട്ടു. എൽഡിഎഫുമായും യുഡിഎഫുമായും അടുത്തിടപഴകിയിട്ടുണ്ട്. ആ അനുഭവം കൊണ്ട് അവരുമായി ചേർന്നുപോകാൻ കഴിയുകയില്ലെന്ന് ഉറപ്പായിരുന്നെന്നും ബിജെപിയിൽ ചേർന്നത് കേരളത്തിൽ പാർട്ടിക്ക് പുതിയ മുഖം കൊണ്ടുവരുന്നതിനാണെന്നും ഇ ശ്രീധരൻ വിശദീകരിച്ചു.
കേരളത്തിൽ ബിജെപിയെ കൈ പിടിച്ചുയർത്താനും സംസ്ഥാന വികസനം നേരെയാക്കാനുമാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നത്. പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ തന്റെ വ്യക്തിത്വത്തിന് വോട്ട് ചെയ്യുമെന്നാണ് വിശ്വാസം. താൻ ചേർന്നത് കൊണ്ട് ബിജെപിയുടെ മുഖച്ഛായ മാറിയിട്ടുണ്ടെന്നും ശ്രീധരൻ അവകാശപ്പെട്ടു.
Discussion about this post