കൊച്ചി: മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നിർണായക റിപ്പോർട്ടുമായി വിജിലൻസ്. കെഎം ഷാജിക്ക് വരവിനെക്കാൾ 166% അനധികൃത സ്വത്ത് സ്വന്തമായുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കഴിഞ്ഞദിവസമാണ് കോടതിയിൽ സമർപ്പിച്ചത്.
ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എംആർ ഹരീഷാണ് കോടതിയെ സമീപിച്ചത്. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇത്തവണയും കെഎം ഷാജി തന്നെയാണ്. മത്സരിക്കുന്നതിൽ നിന്നും ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകിയെങ്കിലും അത് തള്ളിയിരുന്നു. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്.
എന്നാൽ, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചതോടെയാണ് കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തി വരണാധികാരി പത്രിക സ്വീകരിച്ചത്.
Discussion about this post