കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഫാത്തിമ അസ്‌ല. എല്ലുപൊടിയുന്ന അപൂര്‍വ രോഗമാണ് പാത്തുവിന്. പാത്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒസ്റ്റോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗം.
എന്നാലിപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പാത്തു പങ്കുവച്ചിരിക്കുകയാണ് പ്രിയപ്പെട്ടവരോട്. ജീവിതത്തിലേക്ക് കൂട്ടായി കൂട്ടുകാരന്‍ എത്തിയെന്നാണ് പാത്തു പങ്കുവയ്ക്കുന്നത്.
എങ്കിലും തളരാത്ത മനസ്സിന്റെ കരുത്താണ് പഠനത്തില്‍ മിടുക്കിയായ പാത്തുവിനെ മുന്നോട്ടു നടത്തുന്നത്. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ അസ്ല.
ലക്ഷദ്വീപ് സ്വദേശിയായ ഫിറോസ് നെടിയത്താണ് പാത്തുവിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ അധ്യാപകനാണ് ഫിറോസ്.
പ്രണയത്തിനു മുന്നില്‍ ദൂരം അലിഞ്ഞില്ലാതായ കഥ, പാത്തു പങ്കുവയ്ക്കുന്നതിങ്ങനെ;
മനസ് തകര്‍ന്ന് വേദനിച്ച്, കഴിച്ചു കൂട്ടിയ ദിവസങ്ങളില്‍ സൗഹൃദത്തണലിലേക്ക് ചേര്‍ത്തു നിര്‍ത്തിയ ചങ്ങാതിയായിരുന്നു എനിക്കവന്‍. എന്റെയും അവന്റെയും കോമണ്‍ ഫ്രണ്ട്‌സിലൂടെയാണ് ഞങ്ങള്‍ അടുത്തത്. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.
ലോക്ഡൗണ്‍ എനിക്ക് സങ്കടങ്ങളുടേതായിരുന്നു. വല്ലാതെ ഒറ്റപ്പെട്ടു. കൂട്ടുകാരെ കാണാതെ ഏറെ വിഷമിച്ചു. ഞാനെന്റെ വേദനകളെ മറന്നത് സൗഹൃദക്കൂട്ടത്തിനു നടുവില്‍ നിന്നാണെന്ന് അറിയാമല്ലോ. അതിനേക്കാള്‍ എല്ലാം ഏറെ, ഒരു ബ്രേക്കപ്പ് എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. മറ്റുള്ളവരുടെ മുന്‍വിധികള്‍ക്ക് ഉത്തരം നല്‍കാന്‍ നമുക്ക് എപ്പോഴും കഴിയണമെന്നില്ലല്ലോ? ആ ബന്ധം അതോടെ അവസാനിച്ചു.
ഞാന്‍ ആര്‍ക്കു മുന്നിലും എന്റെ ജീവിതം കാഴ്ച വസ്തുവാക്കി വച്ചിട്ടില്ല. സഹതാപം തേടി പോയിട്ടുമില്ല. ഞാന്‍ ഡോക്ടര്‍ കുപ്പായം വരെ അണിഞ്ഞത് എന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തിലാണ്. അതിനിടെ ആ പ്രണയബന്ധം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ട്രോമയായി. പക്ഷേ ഇപ്പോഴും അവനെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ അവന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദം കൊണ്ടാകാം അങ്ങനെയൊക്കെ സംഭവിച്ചത്.
വേദനിപ്പിക്കുന്ന ആ ഭൂതകാലം മറന്ന് ജീവിച്ചു തുടങ്ങിയപ്പോള്‍ കരുതലായി കൂട്ടുകാരുണ്ടായിരുന്നു. ആ ചങ്ങാതിക്കൂട്ടത്തില്‍ ഒരാളായിരുന്നു ഫിറൂ. എല്ലാം അറിയുന്ന അവന്‍ മറ്റാരേക്കാളും എന്നെ മനസിലാക്കി എന്നതാണ് സത്യം. അത് ഞങ്ങളുടെ മനസിനേയും അടുപ്പിച്ചു.
ഫിറൂ എന്നെ ഒരിക്കലും സഹതാപത്തോടെ കണ്ടിരുന്നില്ല. അതുതന്നെയാകും അവന്റെ ഏറ്റവും വലിയ ക്വാളിറ്റി. സൗഹൃദത്തിന്റെ കംഫര്‍ട്ട് സോണിലിരുന്ന് പരസ്പരം പറയാതെ തന്നെ ഞങ്ങള്‍ പ്രണയം തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടമാണോ എന്ന സിനിമാറ്റിക് ഡയലോഗ് ചോദിക്കും മുമ്പേ മനസു കൊണ്ട് ആയിരംവട്ടം ഇഷ്ടമാണെന്ന് ഞങ്ങള്‍ മനസിലാക്കി. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ചത് ഫ്രീഡമാണ്. എന്റെ ബോധ്യങ്ങളെ തിരിച്ചറിയുക, അതിന് മനസുണ്ടാകുക എന്നത് തന്നെ വലിയ കാര്യമായിരുന്നു. അത് ഫിറോസിന് ഉണ്ടായി.
മറ്റൊരു സന്തോഷം ഫിറോസിന്റെ വീട്ടുകാരാണ്. അവര്‍ എന്റെ വീല്‍ചെയറിലേക്ക് നോക്കി വിലയിരുത്താനോ മാര്‍ക്കിടാനോ വന്നില്ല. രണ്ടു ദിവസം മുന്‍പ് ഫിറോസ് വീട്ടുകാരുമായെത്തി എല്ലാവരുടേയും ആശീര്‍വാദത്തോടെ എന്റെ കയ്യില്‍ മോതിരം അണിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഫിറുവിന്റെ ഉമ്മയ്ക്ക് വരാന്‍ കഴിഞ്ഞില്ലെന്നത് മാത്രം സങ്കടമായി.
പക്ഷേ ഉമ്മയുടെ വിളിയെത്തിയതോടെ സന്തോഷം ഇരട്ടിയായി. ‘ഇത് ഫിറുവിന്റെ ലൈഫാണ് മോളേ. അവന്റെ ഇഷ്ടം. മോളെ അവന് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ എനിക്കും നൂറുവട്ടം സമ്മതം. അവന്റെ പെണ്ണ് എനിക്ക് സ്വന്തം മകളാണ്.’ വിഡിയോ കോളില്‍ ഫിറുവിന്റെ ഉമ്മ ഇത് പറയുമ്പോള്‍ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. എന്തായാലും ഇതെനിക്ക് പുതിയൊരു തുടക്കമാണ്.
ജീവിതത്തില്‍ ഡോക്ടറാകണം എന്നതിനപ്പുറം വേറൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ വേദനകള്‍ക്ക് പകരമെന്നോണം പടച്ചവന്‍ തന്ന ഗിഫ്റ്റാണ് ഫിറു. ജീവിതത്തിലെ വലിയ ഗിഫ്റ്റ്. എല്ലാവരും കൂടെയുണ്ടാകണം, പ്രാര്‍ത്ഥിക്കണം. ഫാത്തിമയുടെ ഖല്‍ബില്‍ പ്രണയത്തിന്റെ നറുതേന്‍ മധുരം.
ഇന്‍ഷാ അല്ലാഹ്… ഈദിനു ശേഷം ഓഗസ്റ്റില്‍ ഞാനെന്റെ ഫിറുവിന്റെ മഹര്‍ സ്വീകരിക്കും. അവന്റെ പെണ്ണാകും.’ നാണം ഇതളിട്ട മുഖത്തോടെ പാത്തു പറഞ്ഞു.