തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോൺഗ്രസ്-ബിജെപി രഹസ്യധാരണയിലാണെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നാണ് വികെ പ്രശാന്തിന്റെ ആക്ഷേപം. അതേസമയം, വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് യാഥാർത്ഥ്യം അറിയാമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ മറുപടി. അടിയൊഴുക്കുകൾ ഉണ്ടാകാമെന്നാണ് ബിജെപി സ്ഥാനാർത്ഥി വിവി രാജേഷ് പറയുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ വട്ടിയൂർക്കാവിൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്നു. 2016ൽ കുമ്മനം രാജശേഖരനും കെ മുരളീധരനും ടിഎൻ സീമയും നേർക്കുനേർ പോരടിച്ച അന്തരീക്ഷം മാറി. സ്ഥാനാർത്ഥി നിർണയത്തിൽ തലമുറമാറ്റം വന്നെങ്കിലും പഴയ ആവേശമില്ലെന്നാണ് പൊതുജനങ്ങളും പറയുന്നത്.
എൽഡിഎഫ് വോട്ടുകച്ചവട പരാതിയുമായി വരുന്നതിനിടെ, ആരോപണത്തെ തള്ളാതെ അതിനെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ ശ്രമം. ത്രികോണപോരാട്ടത്തിന്റ വീറും വാശിയും പുറമെ പ്രകടമല്ലായിരിക്കാം, അതുകൊണ്ടുമാത്രം അടിയൊഴുക്കുകളുണ്ടാകില്ലെന്ന് ഉറപ്പിക്കാനാകില്ല.
Discussion about this post