കളമശേരി: എറണാകുളം മുട്ടാർപുഴയിൽ മരിച്ചനിലിൽ 13കാരിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപമാണ് പുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6എയിൽ സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്.
സനുമോഹനേയും കാണാതായിട്ടുണ്ട്. സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നും പോലീസ് സംശയിക്കുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ അവസാനിപ്പിച്ചു.
ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. പോലീസിനെ വിവരം അറിയച്ചതിനെ തുടർന്ന് മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച രാത്രി 9.10 മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നതായും പരാതിയിൽ പറയുന്നു.
Discussion about this post