കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചാനല്‍ സര്‍വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വേകളില്‍ അത്രയും ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന വേളയിലാണ് രമേശ് ചെന്നിത്തല പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അദ്ദേഹം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്കി.
സര്‍വേകള്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായതാണെന്ന് ചെന്നിത്തല പറയുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് ഇതെന്നും രമേശ് ചെന്നിത്തല പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഭിപ്രായ സര്‍വേകളെ ജനം തിരസ്കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വേകളിലൂടെ തന്നെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സര്‍വേഫലം വന്‍ പരാജയമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പരസ്യം നല്‍കിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സര്‍വേഫലം. വിരട്ടിയും പരസ്യം നല്‍കിയും മാധ്യമങ്ങളെ സര്‍ക്കാര്‍ വിലയ്ക്കെടുത്തു. മാധ്യമങ്ങള്‍ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും സര്‍വേകളില്‍ പങ്കെടുത്തില്ല. കഴിവുകെട്ട സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.
Discussion about this post