സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച കെസി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പികെ ശ്രീമതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.
ബത്തേരി സ്ഥാനാര്‍ത്ഥിയും വീട്ടിലെത്തി സ്വാഗതം ചെയ്തു. എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു. കുറച്ച് മുന്‍പാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. വയനാട്ടില്‍ നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്റും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായിരുന്നു കെ.സി റോസക്കുട്ടി.
ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. സമീപ കാലങ്ങളില്‍ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും കെ.സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതില്‍ വലിയ നിരാശയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് റോസക്കുട്ടി രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്നും റോസക്കുട്ടി കുറ്റപ്പെടുത്തി. ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ പറഞ്ഞിരുന്നു.
നാല് പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് റോസക്കുട്ടി.
1991 ല്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു കെസി റോസക്കുട്ടി ടീച്ചര്‍. 95-96 കാലഘത്തില്‍ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു.
2001 മുതല്‍ 2012 വരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2012 ഏപ്രില്‍ മുതല്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു.