കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവച്ചു, ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്ന് റോസക്കുട്ടി

വയനാട്: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. വയനാട്ടില്‍ നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്റുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ രാജിവെച്ചു.പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്തില്‍ നിന്ന് വരെയാണ് രാജി. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായിരുന്നു.

ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഇനിയും തുടരാന്‍ കഴിയില്ല.കെസി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.

സമീപ കാലങ്ങളില്‍ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും കെ.സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചുവെന്നും ലതിക തലമുണ്ഡനം ചെയ്ത ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചുവെന്നും കെ.സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറയുന്നു.

കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്നും റോസക്കുട്ടി കുറ്റപ്പെടുത്തി. ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വയനാട് ജില്ലയില്‍ ഹൈക്കമാന്‍ഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞ റോസക്കുട്ടി പൊതു പ്രവര്‍ത്തനം വിടാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.

വയനാട്ടില്‍ നിന്നുള്ള ആളുകളെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏറെ പരിശ്രമിച്ചുവെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ല. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം.വയനാട്ടുകാരെ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. വയനാട്ടില്‍ നിന്ന് ഒരാള്‍ക്ക് കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് നിലപാട്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപ്പോള്‍ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെസി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു.

1991 ല്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു കെസി റോസക്കുട്ടി ടീച്ചര്‍. 95-96 കാലഘത്തില്‍ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു.

2001 മുതല്‍ 2012 വരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2012 ഏപ്രില്‍ മുതല്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്ത്തിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി നേരത്തെ റോസക്കുട്ടി ടീച്ചര്‍ രംഗത്തുവന്നിരുന്നു.സമീപ കാലങ്ങളില്‍ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്.

Exit mobile version