‘കാലില്‍ തൊട്ടവരെ തലയില്‍ തൊട്ടനുഗ്രഹിക്കുന്ന പുണ്യാളന്മാരെ സാഹിത്യം ചമച്ച് വെളുപ്പിക്കുന്ന വളിച്ച വിരുതന്മാരോടാണ്’ വൈറലായ പി രാജീവിന്റെ വീഡിയോ ചൂണ്ടിക്കാണിച്ച് പ്രേംകുമാര്‍

Prem Kumar | Bignewslive

കൊച്ചി: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് പി രാജീവ് ജയിക്കണമെന്ന് നിറകണ്ണുകളോടെ പറയുന്ന ഒരമ്മയുടെ വീഡിയോ ആണ്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലില്‍ വീണ് അനുഗ്രഹം തേടിയ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ശ്രീധരനും സംഘത്തിനും പി രാജീവിന്റെയും അമ്മയുടെയും വൈറലായ വീഡിയോ പങ്കുവെച്ച് തന്റെ ശക്തമായ വിമർശനം ഉയർത്തുകയാണ് ഡോ. പ്രേംകുമാര്‍.

കസവു കരയുള്ള കോടിമുണ്ട് വലതുകൈ കൊണ്ട് അല്‍പമൊന്ന് പൊക്കി, ചാണകത്തില്‍ ചവിട്ടിയ കാല്‍കഴുകി തുടയ്ക്കുന്നവനെയൊന്നു കോതിനോക്കി, വെപ്പ് പല്‍ച്ചിരിചിരിക്കുന്ന മെട്രോ മേനോന്‍മാരെപ്പറ്റി മാത്രമായല്ല, അതിനേക്കാള്‍ അലമ്പുകളായ ചില മഹാന്മാരെയും മഹതികളെയും പറ്റിയാണെന്ന് കുറിച്ചുകൊണ്ടാണ് പ്രേംകുമാര്‍ മറുപടി കുറിച്ചിരിക്കുന്നത്.

പങ്കജാക്ഷി എന്ന് പേരുള്ള അമ്മയാണ് കളമശ്ശേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചത്. മോന്‍ ജയിക്കണമെന്ന് കരഞ്ഞ് പറയുകയാണ് അമ്മ വീഡിയോയില്‍. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കണിയാംകുന്ന് കടേപ്പിള്ളിയില്‍ വോട്ടു തേടി പോയപ്പോഴായിരുന്നു സംഭവം. ‘മോന്‍ ഇത്തവണ ജയിക്കണ’മെന്നാണ് കരഞ്ഞ് കൊണ്ട് ആ അമ്മ പി രാജീവിനോട് പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പി രാജീവ് തന്നെയാണ് പങ്കുവച്ചത്. ജയിക്കണമെന്ന് പറഞ്ഞ് അമ്മ പി രാജീവിന്റെ കാലില്‍ വീഴാന്‍ തുടങ്ങുമ്പോള്‍ അമ്മയുടെ കാലിലേയ്ക്ക് പി രാജീവ് ഇരിക്കാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം.

‘ഇത്തവണ മോന്‍ ജയിക്കണം’ കൂട്ടിക്കാലം മുതലുള്ള ശീലം കൊണ്ടാവാം…സ്നേഹക്കൂടുതല്‍ കൊണ്ടാവാം, കഴിഞ്ഞ തവണ അവനെ ജയിപ്പിക്കാന്‍ കഴിയാത്തതിലുള്ള സങ്കടം കൊണ്ടാവാം… പങ്കിച്ചേച്ചി രാജീവിന്റെ കാല്‍ക്കല്‍ വീഴാന്‍ തുടങ്ങുന്നു. ‘അയ്യയ്യോ കാലില്‍ വീഴല്ലേ’ എന്നലറുകയാണ് കൂടെയുള്ള സഖാക്കള്‍. മുന്നില്‍ നില്‍ക്കുന്ന അമ്മയ്ക്കും താഴെ നിലത്തേക്കിരിക്കുകയാണ് രാജീവ്. അങ്ങനെ ഒരമ്മയ്ക്കു മുന്നിലിരിക്കാന്‍ അമ്മമാരുടെ ചിന്തകളുടെ അത്രയുമാഴം വേണം നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്. അങ്ങനെ ഒരു അമ്മയ്ക്കുമുന്നിലിരിക്കാന്‍ അമ്മമാരുടെ സ്വപ്നങ്ങളുടെ അത്രയുമുയരം വേണം നിങ്ങളുടെ ചിന്തകള്‍ക്കെന്ന് ഡോ. പ്രേംകുമാര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കസവ്കരയുള്ള കോടിമുണ്ട് വലതുകൈകൊണ്ടല്പമൊന്ന് പൊക്കി,
ചാണകത്തിൽ ചവുട്ടിയ കാൽകഴുകിത്തുടയ്ക്കുന്നവനെയൊന്നു കോതിനോക്കി, വെപ്പ് പൽച്ചിരിചിരിക്കുന്ന മെട്രോമേനോൻമാരെപ്പറ്റി മാത്രമായല്ല;
അതിനേക്കാൾ അലമ്പുകളായ ചില മഹാന്മാരെയും മഹതികളെയും പറ്റിയാണ്.
ഏതാണ്ടിങ്ങനെയാണിവർ പറയുക:
‘അയ്യയ്യോ! കാലിൽ വീഴുകയെന്നതെന്തൊരു വൃത്തികേടാണ്!
ഞാനൊരിക്കലും ചെയ്യില്ല; ചെയ്യിക്കൂല്ല.
പക്ഷേ…ഒന്നാലോചിച്ച് നോക്ക്…നമ്മളിങ്ങനെ നിൽക്കുമ്പോൾ പെട്ടന്നൊരാൾ കാൽക്കൽ വീഴുന്നു.
നമുക്കൊന്നും ചെയ്യാൻ പറ്റുലല്ലോ! തലയിൽ കൈവെച്ച് അനുഗ്രഹിക്കുക എന്നല്ലാണ്ടെ?’
ഇതേ ന്യായം പറഞ്ഞ്, കാലിൽ തൊട്ടവരെ തലയിൽ തൊട്ടനുഗ്രഹിക്കുന്ന പുണ്യളൻമാരെ സാഹിത്യം
ചമച്ച് വെളുപ്പിക്കുന്ന വളിച്ച വിരുതന്മാരോടാണ്.
ഡിയർ മഹാൻ, ഡിയർ മഹതി,
അങ്ങനെ ‘നമുക്കൊന്നും ചെയ്യാൻ പറ്റാതെ’ യുള്ള നിങ്ങളുടെ ആ നിൽപ്പുണ്ടല്ലോ.
സമഭാവനയെന്ന് സാഹിത്യം പറഞ്ഞ് നിങ്ങളിന്നേവരെ ഇസ്തിരിയിട്ടെടുത്തണിഞ്ഞ സർവവേഷങ്ങളുമഴിഞ്ഞുവീണ്,
നൂൽബന്ധം പോലുമില്ലാതെ,
നിങ്ങളിങ്ങനെയരങ്ങിൽ അശ്ളീലശരീരങ്ങളായ് നിൽക്കുന്നൊരു നിൽപ്പുണ്ടല്ലോ. ആഹാ!
മനുഷ്യന്റെ ഉയരത്തെപ്പറ്റി ഒരിത്തിരി നേരറിവുണ്ടെങ്കിൽ
നിങ്ങളങ്ങനെ നിൽക്കില്ല; നിങ്ങൾക്കങ്ങനെ നിൽക്കാനാവില്ല.
അതില്ലാത്തതൊന്നുകൊണ്ട് മാത്രമാണ് നിങ്ങളെങ്ങനെ നിൽക്കുന്നത്.
അതുള്ളവൻ/ൾ അങ്ങനെ നിന്നുകൊടുക്കില്ല.
കണിയാംകുന്നിലെ പങ്കിച്ചേച്ചി ദൂരെ നിന്നോടി വന്ന് ചേർത്ത് പിടിക്കുകയായിരുന്നു പി.രാജീവിനെ.
കരഞ്ഞുകൊണ്ടവർ പറഞ്ഞത് അവരുടെ ഒരാവശ്യവുമായിരുന്നില്ല;
ഒരു പ്രാർത്ഥന മാത്രം: “ഇത്തവണ മോൻ ജയിക്കണം”
കൂട്ടിക്കാലം മുതലുള്ള ശീലം കൊണ്ടാവാം…സ്നേഹക്കൂടുതൽ കൊണ്ടാവാം, കഴിഞ്ഞ തവണ അവനെ ജയിപ്പിക്കാൻ കഴിയാത്തതിലുള്ള സങ്കടം കൊണ്ടാവാം…
പങ്കിച്ചേച്ചി രാജീവിന്റെ കാൽക്കൽ വീഴാൻ തുടങ്ങുന്നു.
‘അയ്യയ്യോ കാലിൽ വീഴല്ലേ’ എന്നലറുകയാണ് കൂടെയുള്ള സഖാക്കൾ.
മുന്നിൽ നിൽക്കുന്ന അമ്മയ്ക്കും താഴെ നിലത്തേക്കിരിക്കുകയാണ് രാജീവ്.
സ. പി. രാജീവ്
അങ്ങനെയൊരമ്മയ്ക്കുമുന്നിലിരിക്കാൻ
അമ്മമാരുടെ ചിന്തകളുടെയത്രയുമാഴം വേണം നിങ്ങളുടെ സ്വപ്നങ്ങൾക്ക്.
അങ്ങനെയൊരമ്മയ്ക്കുമുന്നിലിരിക്കാൻ
അമ്മമാരുടെ സ്വപ്നങ്ങളുടെയത്രയുമുയരം വേണം നിങ്ങളുടെ ചിന്തകൾക്ക്.
അങ്ങനെയൊക്കെ ചിലതുണ്ട് ഹേ.
പാഴ്സംഘികൾക്കും പാതിസംഘികൾക്കും കണ്ടാൽ പോലും തിരിയാത്ത ചില നന്മകളുണ്ട് നാട്ടിൽ.
ഇടതുപക്ഷമെന്നാണതിന് പേര്.
ഡോ. പ്രേംകുമാർ
22/03/21
P Rajeev

Exit mobile version