തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന ചിത്രമായ വണ്ണിന്റെ റിലീസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റിപ്പോര്‍ട്ട്. ചെന്നിത്തലയുടെ അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്.
നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയെന്നും റിലീസ് തടയണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പ്രതിപക്ഷ നേതാവിനും, യുഡിഎഫിനുമെതിരെ നിരവധി ട്രോളുകളും ഇതിനോടകം വന്നു കഴിഞ്ഞു. പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് നേതൃത്വം രംഗത്തെത്തിയത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനെ തുടര്‍ന്നാണ് ചെന്നിത്തല പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയുനുമായി സാമ്യമുള്ള കഥാപാത്രമാണ് കടക്കല്‍ ചന്ദ്രന്‍ എന്ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന് പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.