കൊച്ചി: കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് ചേക്കേറിയ പിസി ചാക്കോയെ ഔദ്യോഗികമായി സ്വീകരിച്ച് കേരളത്തിലെ എൻസിപി നേതൃത്വം. പിസി ചാക്കോയെ എൻസിപിയേക്ക് സ്വീകരിക്കുന്നതിനിടെ മന്ത്രി എകെ ശശീന്ദ്രൻ പൊട്ടികരഞ്ഞതും ശ്രദ്ധേയമായി. എകെ ശശീന്ദ്രന്റെ തൊട്ടടുത്തായായിരുന്നു പിസി ചാക്കോയും എൻസിപി ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടിപി പീതാംബരനും ഇരുന്നിരുന്നത്. ചടങ്ങിനിടെ പൊട്ടികരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാൻ ചാക്കോ ഏറെ പാടുപെട്ടു.
പരിപാടിയിൽ കോൺഗ്രസിനെതിരെ പിസി ചാക്കോ ആഞ്ഞടിക്കുകയും ചെയ്തു. കെപിസിസി എന്നത് കേരള പ്രദേശ് കോഓർഡിനേഷൻ കമ്മിറ്റിയായി മാറിയെന്നും അതിൽ നിന്നും കോൺഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉൾകൊള്ളാൻ ഇന്നത്തെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.
പിസി ചാക്കോയെ സ്വീകരിച്ചുകൊണ്ട് എകെ ശശീന്ദ്രൻ എഴുതിയ കുറിപ്പ്:
എന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറെ വൈകാരികമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിദ്യാർത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവർത്തകനും സഹോദര തുല്യനുമായ പ്രിയപ്പെട്ട ശ്രീ പി സി ചാക്കോ എൻ സി പി യിലേക്ക് വന്നതിനു ശേഷമുള്ള ഒന്നിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയാണ് ഇന്ന് കൊച്ചിയിൽ നടന്നത്. രാഷ്ട്രീയത്തിൽ സംശുദ്ധിയുടെ പ്രതീകമാണ് ശ്രീ പി സി ചാക്കോ, ഒരു ഘട്ടത്തിൽ രാഷ്ട്രീയപരമായി രണ്ടു ചേരിയിലേക്ക് വഴി മാറിയെങ്കിലും അന്ന് തൊട്ട് ഇന്ന് വരെ വ്യക്തിപരമായ സൗഹൃദത്തിനും സ്നേഹത്തിനും അണുകിടപോലും കുറയാതെ കാത്തു സൂക്ഷിച്ചവരാണ് നമ്മൾ ഇരുവരും. എപ്പോൾ കണ്ടുമുട്ടിയാലും നിറഞ്ഞ സ്നേഹത്തോടും സൗഹാർദത്തോടും കൂടി വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ പരസ്പരം പങ്കുവെക്കുന്നവരാണ് ഞാനും പി സി ചാക്കോയും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠപുസ്തകം കൂടിയാണ്.എന്റെ സഹോദര തുല്യനും സഹപ്രവർത്തകനുമായ ശ്രീ പി സി ചാക്കോയുടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലേക്കുള്ള കടന്നുവരവ് കേരളത്തിൽ എന്നല്ല ഇന്ത്യയിലാകെ തന്നെയുള്ള നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിക്കും ഇടതുപക്ഷത്തിനും കരുത്തും ഉത്തേജനവും നൽകും.
Discussion about this post