കോഴിക്കോട്: എലത്തൂരിൽ താൻ തന്നെ മത്സരിക്കുമെന്ന വാശിയിൽ എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരി. സ്ഥാനാർഥിത്വത്തിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞ സുൽഫിക്കർ യുഡിഎഫ് ഒരു ഘടകക്ഷിക്ക് അനുവദിച്ച സീറ്റിൽ വേറൊരു ഘടകക്ഷി നോമിനേഷൻ കൊടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.
‘എൻസികെയ്ക്ക് രണ്ട് സീറ്റുകൾ നൽകിയെന്ന് പറയുന്ന കത്ത് തങ്ങളുടെ കൈയിലുണ്ടെന്നും അതിൽ ഒന്ന് എലത്തൂരും മറ്റൊന്ന് പാലയുമാണ്. പാലായും കായംകുളവുമാണ് എൻസികെ ആദ്യംആവശ്യപ്പെട്ടത്. എന്നാൽ, കായംകുളത്ത് മറ്റൊരു സ്ഥാനാർഥി വന്നപ്പോൾ മാറിനിൽക്കാനുള്ള മാന്യത പാർട്ടി കാണിച്ചു. എലത്തൂരിലും എൻസികെ ഇതേ മാന്യതയാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ജില്ലാനേതൃത്വം ഇടപെട്ട് ശമിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെ പ്രതിഷേധങ്ങൾ തെരുവിലേക്കെത്തിക്കുന്നത് മുന്നണിസംവിധാനത്തിന് യോജിച്ച നിലപാടല്ലെന്നും സുൽഫിക്കർ മയൂരി പറഞ്ഞു.
കെപിസിസി അംഗത്തെകൊണ്ട് പത്രിക പിൻവലിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വം ആണ്. ഭാരതീയ നാഷണൽ ജനതാദൾ പത്രിക പിൻവലിക്കുമെന്നാണ് പ്രതീക്ഷ. രേഖാമൂലം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം പ്രതകിരിച്ചു.
തിങ്കളാഴ്ച കഴിഞ്ഞാൽ പര്യടനത്തിനിറങ്ങുമെന്ന് എൻസികെ വർക്കിങ് പ്രസിഡന്റ് ബാബു കാർത്തികേയനും വൈസ് പ്രസിഡന്റ് പി ഗോപിനാഥും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മത്സരിക്കട്ടെ എന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം നിലപാടെടുത്തെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ. യു.വി ദിനേശ് മണി പത്രിക പിൻവലിക്കേണ്ടിവന്നാലും സുൾഫിക്കർ മയൂരിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നാണ് ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും പറയുന്നത്.
മാണി സി കാപ്പനുമായി ചർച്ചനടത്തിയശേഷം രമേശ് ചെന്നിത്തല ഉറപ്പുനൽകിയത്. കൃത്യമായ തീരുമാനം അറിയിച്ചിട്ടുമില്ല. യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയെയും അംഗീകരിക്കുമെന്ന് എംകെ രാഘവൻ എംപി ഒടുവിൽ നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.
Discussion about this post