കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളില്‍ നിന്നുള്ള തീപിടുത്തം പതിവ് കാഴ്ചയാവുകയാണ്. അടുത്തിടെ ട്രെയിനിന് തീപിടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വെ. എസി കോച്ചുകളില്‍ ഇനി രാത്രികളില്‍ ചാര്‍ജ് ചെയ്യരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒട്ടേറെ തീവണ്ടികളില്‍ ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതില്‍ വീഴ്ചവരുത്തുന്ന എസി മെക്കാനിക് അടക്കമുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേ താക്കീത് നല്‍കുന്നുണ്ട്. ഇതിനു പുറമെ. മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും തീരുമാനമുണ്ട്.
ഇക്കാര്യം സര്‍ക്കുലര്‍ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. രാത്രി ചാര്‍ജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായാണ് അപകടത്തിലേയ്ക്ക് വഴിവെയ്ക്കുന്നത്. ഈ സാഹചര്യം മറികടക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാത്രിയില്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.
Discussion about this post