തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാരും ഉന്നത പദവി വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നെന്നും താനത് നിരസിച്ചെന്നും വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി മുഖ്തർ അബ്ബാസ് നഖ്വി രണ്ട് തവണ താനുമായി ചർച്ച നടത്തിയെന്നും തനിക്ക് ഉപരാഷ്ട്രപതി പദവിയാണ് വാഗ്ദാനം ചെയ്തതെന്നും പിജെ കുര്യൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ആ ഓഫർ സ്വീകരിക്കാത്ത താൻ ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്നും പിജെ കുര്യൻ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോഡി എനിക്ക് വളരെ അടുപ്പമുള്ള ആളാണ്. പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. പാർലമെന്ററി കാര്യ മന്ത്രി നഖ്വി ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം എന്റെ അടുത്ത് വന്നു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവിയാണ് എനിക്ക് തന്ന ഓഫർ. ആ ഓഫറുണ്ടായിട്ട് പോകാത്ത ഞാൻ ഇനി പോകുമോ? ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാൻ പ്രധാനമന്ത്രിയെ കണ്ടു. തന്ന ഓഫറിന് നന്ദി പറഞ്ഞു. പക്ഷേ ‘ഇന്ന ഇന്ന’ കാരണങ്ങളാൽ പാർട്ടിയിൽ ചേരാൻ കഴിയില്ലെന്ന് പറഞ്ഞു,’-പിജെ കുര്യൻ വിനു വി ജോണിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നതിങ്ങനെ.
എൻഎസ്എസ് വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്നു പറഞ്ഞ പിജെ കുര്യൻ സമദൂരം എന്ന് പറയുന്നത് സ്വാതന്ത്ര്യമാണെന്നും വിശദീകരിച്ചു.
വിശ്വാസികളോടൊപ്പം നിൽക്കുന്നത് യുഡിഎഫാണ്. ശബരിമലയിലെ സമാധാനത്തിന് ഒരു ഭംഗവും വരുത്താതിരുന്നതും യുഡിഎഫാണെന്നും അദ്ദേഹം വിവരിച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനെതിരെയും പിജെ കുര്യൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ശബരിമല പ്രചാരണ വിഷയമാണെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു.
Discussion about this post