പത്തനംതിട്ട: വരുംദിനങ്ങളിൽ പത്തനംതിട്ട ജില്ലയിൽനിന്ന് ഒരുപാട് പേർ ഇനിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുമെന്ന് അടൂരിലെ എൻഡിഎ സ്ഥാനാർത്ഥി പന്തളം പ്രതാപൻ. ധാരാളം ആളുകൾ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് വരും. ആരുടെയും പേരെടുത്ത് പറയുന്നില്ല. പക്ഷേ, വരുംദിവസങ്ങളിൽ അതുണ്ടാകുമെന്നും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പന്തളം പ്രതാപൻ പറയുന്നു.
അടൂർ മണ്ഡലത്തിൽ ഏറെ വിജയപ്രതീക്ഷയുണ്ട്. വോട്ടർമാരെ സമീപിക്കുമ്പോൾ, അവരുടെ പ്രതികരണം കാണുമ്പോൾ ഏറെ വിജയപ്രതീക്ഷയാണുള്ളത്. മണ്ഡലത്തിലെ കുടിവെള്ളപ്രശ്നവും മാലിന്യപ്രശ്നവും പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. പന്തളത്തെ ഒരു ക്ഷേത്രനഗരിയായി ഉയർത്തും. അടൂർ, പന്തളം ജനറൽ ആശുപത്രികളുടെ വികസനവും ആരോഗ്യമേഖലയുടെ സമഗ്രവികസനവും ഉറപ്പുവരുത്തും.
കോൺഗ്രസ് വിട്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നേട്ടമാകും. ജനാധിപത്യവിശ്വാസികളും നാടിനോട് താത്പര്യം കാണിക്കുന്നവരുമായ എല്ലാവരും തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ നയവൈകല്യങ്ങളും പാർട്ടിയിൽ പ്രവർത്തിക്കുന്നവരോടുള്ള അനീതിയും പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കെപിസിസി സെക്രട്ടറി, കോൺഗ്രസ് നിർവാഹക സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനുമാണ് പ്രതാപൻ.
Discussion about this post