തിരുവനന്തപുരം: തിരുവനന്തപുരത്ത് 2016ൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതുകൊണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് വി സുരേന്ദ്രൻ പിള്ള. നേമത്ത് ബിജെപിക്ക് വേണ്ടി കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി സുരേന്ദ്രൻ പിള്ള തന്നെ തുറന്നുപറഞ്ഞത് രാഷ്ട്രീയകേരളത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
‘1984 മുതൽ യുഡിഎഫിന്റെ സമീപനം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിർദേശം നൽകാൻ പറഞ്ഞപ്പോൾ മത്സിരക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്. യുഡിഎഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ യുഡിഎഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ നിന്നത്. ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്’- സുരേന്ദ്രൻ പിള്ള ആരോപിക്കുന്നു.
‘ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കുക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോൺഗ്രസിന്റെ രീതി. അവർ മത്സരിക്കുന്ന സീറ്റുകളിൽ അവർക്കതിന് പ്രതിഫലം ലഭിക്കും’- സുരേന്ദ്രൻ പിള്ള പറയുന്നു.
നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ. നിലവിൽ ത്രികോണ മത്സരം വന്നതോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്ക് സാധ്യതയേറിയെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
Discussion about this post