കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് സഭയുമായി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ച ഫലം കാണാത്തതാണ് കാരണം.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വവുമായി യാക്കോബായ സഭ നേതൃത്വം വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സഭ പ്രശ്‌നപരിഹാരത്തിന് ഉറപ്പ് നല്‍കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കാമെന്ന നിലപാടായിരുന്നു സഭ നേതൃത്വം സ്വീകരിച്ചത്.
എന്നാല്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്തതിനാല്‍ രാഷ്ട്രീയ നീക്കത്തില്‍ നിന്ന് സഭ പിന്നോട്ട് പോവുകയായിരുന്നുവെന്ന് സഭ നേതൃത്വം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യേകമായ രാഷ്ട്രീയ നിലപാട് സഭ സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസുമായി സഭക്ക് നല്ല ബന്ധമാണുള്ളത്. അതേസമയം സഭ പ്രശ്‌നം പരിഹരിക്കുമെങ്കില്‍ ഭാവിയില്‍ ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുമെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ പ്രതികരിച്ചു.