തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആശങ്ക പരിഹരിക്കാന്‍ നിയമനിര്‍മാണം ഉറപ്പെന്നു പറയുന്ന യുഡിഎഫ് പ്രകടന പത്രികയെ പൊളിച്ചടുക്കി അഡ്വ. ജഹാംഗീര്‍ റസാഖ്.
നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് നിയമസാക്ഷരത കുറഞ്ഞ മലയാളികളെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയേക്കാള്‍ കൂടുതല്‍, മലയാളിയുടെ മനസ്സിന്റെ അംഗീകാരം ലഭിച്ച ശശി തരൂരിന് ക്രെഡിബിലിറ്റി നഷ്ടമാവുമെന്നും അഡ്വ. ജഹാംഗീര്‍ റസാഖ് പറയുന്നു.
സ്നേഹാദരങ്ങളോടെ ഡോ. ശശി തരൂരിനോട്, Shashi Tharoor…
സര്,
അങ്ങയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തത് എന്നവകാശപ്പെട്ടുകൊണ്ട് UDF നേതാവ് ബെന്നി ബെഹനാന് ഇപ്പോള്‍ അവതരിപ്പിച്ച പ്രകടനപത്രിക കണ്ടു. ആദ്യമായി ക്ഷേമ – വികസന പദ്ധതികളെ സംബന്ധിച്ചുള്ള അങ്ങയുടെ ‘സങ്കല്‍പ്പങ്ങള്‍’ ലോകോത്തരമാണ് എന്ന് അഭിമാനത്തോടെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. ഇനി അധികാരത്തില്‍ വരുന്ന ഏതെങ്കിലും കാലത്ത് ഇതെല്ലാം നടപ്പിലാക്കാനായാല്‍ മഹത്തരം! ????
പക്ഷേ, പണ്ഡിതനായ താങ്കള്‍ (ഒരു പക്ഷേ താങ്കളുടെ എതിര്‍പ്പിനെ മറികടന്നു അധികാരമോഹികളായ മുഖ്യമന്ത്രി കുപ്പായക്കാര്‍ തുന്നിച്ചേര്ത്തതുമാവാം.) ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ ‘നിയമനിര്‍മ്മാണം നടത്തും’ എന്ന് നിഷ്കളങ്കരായ, നിയമസാക്ഷരത കുറഞ്ഞ മലയാളികളോട് എന്തിനാണ് കള്ളം പറയുന്നത്, എന്തിനാണവരെ നടക്കാത്ത കാര്യം പറഞ്ഞു വഞ്ചിക്കുന്നത്…?!
സര്,
അങ്ങേക്കറിയാവുന്നതുപോലെ, യഥാര്‍ത്ഥ വസ്തുത എന്നെ വായിക്കുന്ന സോഷ്യല്‍ മീഡിയയിലുള്ള മലയാളികളെ അറിയിക്കട്ടെ!
ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിഷയത്തില്‍, അധികാരത്തില്‍ LDF വന്നാലും UDF വന്നാലും, കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന് ഇന്നത്തെ അവസ്ഥയില്‍ പുതിയ നിയമം കൊണ്ടു വരാന്‍ കഴിയില്ല.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നതു മാത്രമല്ല പ്രസക്തമായ കാര്യം. യുവതീപ്രവേശം വിലക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഭൂരിപക്ഷവിധി യഥാര്‍ഥത്തില്‍ സാങ്കേതികാര്‍ഥത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് റദ്ദാക്കപ്പെട്ടിട്ടില്ല, സ്റ്റേ ചെയ്തിട്ടുപോലുമില്ല. കൃത്യമായ അര്‍ഥത്തില്‍ നാളിതുവരെ പുനഃപരിശോധിക്കപ്പെട്ടിട്ടും ഇല്ല.
വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിക്ക് എത്രമാത്രം ഇടപെടാന്‍ കഴിയും എന്ന വിഷയം മറ്റൊരു വിശാല ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 2019 നവംബര്‍ 14 ന് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് വിധിച്ചിരുന്നു. ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി.
ഇങ്ങനെ റിവ്യൂ ഹര്‍ജി തീര്‍പ്പു കല്‍പ്പിക്കാതെ, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് അയക്കുന്നതിന്റെ ഔചിത്യവും നിയമപരതയും സുപ്രീം കോടതിയില്‍ത്തന്നെ ചോദ്യം ചെയ്യപ്പെട്ടു. അങ്ങനെ നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് അയക്കാം എന്ന നിലപാടാണ് ഒമ്പതംഗ ബെഞ്ച് 2020 ഫെബ്രുവരി പത്തിന്റെ വിധിയില്‍ സ്വീകരിച്ചു കാണുന്നത്. അതാണ് നിലവിലെ സ്റ്റാറ്റസ്കോ!
അതെന്തായാലും, ശബരിമല കേസിലെ വിധിയില്‍ പുനഃപരിശോധന വേണോ എന്ന വിഷയത്തില്‍ പരിഗണന നീട്ടിവയ്ക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്. നാളെ വിധിക്കെന്തു സംഭവിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴത്തെ വിധി റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, സ്റ്റേ ചെയ്തിട്ടുപോലുമില്ല എന്നത് വ്യക്തമാണ്. അതിനാല്‍ നിലവിലുള്ള വിധിയെ അട്ടിമറിക്കുന്ന വിധത്തില്‍ അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസുകളെ അപ്രസക്തമാക്കുന്ന വിധത്തില്‍ പുതിയൊരു നിയമം ഇപ്പോള്‍ കൊണ്ടു വരാന്‍ കഴിയില്ല എന്നതല്ലേ വസ്തുത.?!
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റാലും, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ ഭരണഘടനാ വിരുദ്ധമായി ഒരു സംസ്ഥാനസര്‍ക്കാരിന് എങ്ങിനെ നിയമനിര്‍മ്മാണം സാധ്യമാകും?!
ചരിത്രപണ്ഡിതനും, ഭാഷാ പണ്ഡിതനും, സാഹിത്യനിപുണനുമായ, നന്നായി നിയമവും, ഭരണഘടനയുമറിയുന്ന താങ്കള്‍, മലയാളികളോട് നാല് വോട്ടിനുവേണ്ടി കള്ളം പറയുകയും, നടക്കാത്ത വാഗ്ദാനം നല്കി വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്നത് അനുചിതമാണ്.
കേരളത്തിലെ സാദാ കോണ്‍ഗ്രസുകാരെപ്പോലെയല്ല താങ്കളെ ഇവിടുത്തെ വിദ്യാസമ്പന്ന സമൂഹം കാണുന്നത്. തുടര്‍ഭരണം ഉറപ്പായ കേരളത്തില്‍, വെപ്രാളംപൂണ്ട, മന്ത്രിക്കുപ്പായം തയ്ച്ചുവച്ച കോണ്ഗ്രസ്സുകാര് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കും, അസത്യപ്രചാരണങ്ങള്‍ക്കും ഒപ്പം നില്ക്കുമ്പോള്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയേക്കാള്‍ കൂടുതല്‍, മലയാളിയുടെ മനസ്സിന്റെ അംഗീകാരം ലഭിച്ച താങ്കള്‍ക്ക് നഷ്ടപ്പെടുന്നത് താങ്കളുടെ Credibility ആണ്.
പ്രിയപ്പെട്ട കേരളീയരെ…
ശബരിമലയിലെ നിലവിലെ വിധിയില്‍ എന്തെങ്കിലും മാറ്റംവരുത്താനാവുക ഇന്ത്യന്‍ സുപ്രീം കോടതിക്ക് മാത്രമാണ്. നിലവിലെ ലിംഗസമത്വമുള്ള വിധിയില്‍ നിന്നും വിഭിന്നമായി, ഭരണഘടനാ വിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പുതിയൊരു വിധി സുപ്രീംകോടതിയില്‍ നിന്നും വരാനുള്ള വിദൂരസാധ്യതപോലും നിലനില്ക്കുന്നില്ല എന്നതാണ് വസ്തുത. ബിജെപിക്കും, കോണ്‍ഗ്രസ്സിനും വികസനം പറഞ്ഞു വോട്ട് ചോദിക്കാനാവാത്തത് സുപ്രീംകോടതിയുടെ കുറ്റമല്ലല്ലോ.! ??????
#Sabarimala #ShashiTharoor #UDF #Manifesto
-അഡ്വ. ജഹാംഗീര്‍ റസാഖ് –
സ്നേഹാദരങ്ങളോടെ ഡോ. ശശി തരൂരിനോട്, Shashi Tharoor…
സർ,
അങ്ങയുടെ നേതൃത്വത്തിൽ രൂപംകൊടുത്തത് എന്നവകാശപ്പെട്ടുകൊണ്ട് UDF…Posted by Jahangeer Amina Razaq on Saturday, 20 March 2021
Discussion about this post