തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും പ്രശംസിച്ചും വടക്കാഞ്ചേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരെ. വികസനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് അനില്‍ അക്കരെ പറയുന്നു.
മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും പ്രശംസിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ വിവാദത്തെ കുറിച്ചും അനില്‍ അക്കര പ്രതികരിച്ചു. താന്‍ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും അനില്‍ അക്കര പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അനില്‍ അക്കരെയുടെ വാക്കുകള്‍;
ഈ സര്‍ക്കാര്‍ വികസനത്തിന്റെ കാര്യത്തില്‍ കൈയയച്ച് സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ പിണറായി വിജയന്റെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്. ഒരു തര്‍ക്കവും അക്കാര്യത്തില്‍ ഇല്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ജില്ലയില്‍ ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ടുണ്ടെങ്കില്‍ അത് വടക്കാഞ്ചേരിയില്‍ മാത്രമാണ്.
ചോദിച്ച പദ്ധതികളൊക്കെ അംഗീകാരം തന്നിട്ടുണ്ട്. ജി. സുധാകരനും തോമസ് ഐസക്കും വികസന കാര്യങ്ങളില്‍ സഹായിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ കടുത്ത മത്സരം ഇല്ല. ലൈഫ് പദ്ധതിയില്‍ ആരുടെയും വീട് മുടക്കിയിട്ടില്ല. ഇവിടെ നടന്ന ഏതെങ്കിലും വികസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തരത്തില്‍ ഞാന്‍ നിസ്സഹരിച്ചതായി അവര്‍ക്ക് പറയാന്‍ കഴിയില്ല.