കോട്ടയം: എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാത്തിരുന്ന് കിട്ടിയ കണ്മണിക്ക് ജന്മം നല്കാനാകാതെ 40കാരിയായ റിന്‍സമ്മ യാത്രയായി. ഒപ്പം വയറ്റിലുണ്ടായ നവജാത ശിശുവും മരണപ്പെട്ടു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂര്‍ കളപ്പുരയ്ക്കല്‍ (വെള്ളാരംകാലായില്‍) റിന്‍സമ്മ ജോണ്‍ (റിന്‍സി 40) ആണ് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ മരിച്ചത്.
നായ റോഡിനു കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ തെന്നിമാറുകയും മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. 7 മാസം ഗര്‍ഭിണിയായ റിന്‍സമ്മ റോഡില്‍ വയറടിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിന്‍സമ്മയെയും ഗര്‍ഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല. ഇരുവരും മരണപ്പെടുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ബിജുവിനും (45) പരിക്കേറ്റു. 8 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്കു കുട്ടികളില്ലായിരുന്നു. ഇന്നലെ രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്പോള്‍ 6.45നു പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിലാണ് അപകടം. കുര്യത്ത് ചിക്കന്‍ സെന്റര്‍ നടത്തുകയാണ് ബിജു. നമ്പ്യാകുളം പടിഞ്ഞാറേമലയില്‍ കുടുംബാംഗമാണ് റിന്‍സമ്മ.
Discussion about this post