കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലീം ലീഗിന്റേത് പെയ്ഡ് സീറ്റാണെന്ന ആരോപണം ശരിവെച്ച് എൽഡിഎഫിന്റെ സ്ഥാനാർത്ഥി ടിപി രാമകൃഷ്ണൻ. മുസ്ലിം ലീഗ് സ്ഥാനാർഥത്ഥി സിഎച്ച് ഇബ്രാഹിംകുട്ടിക്കെതിരേ ഉയർന്ന പെയ്ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്നാണ് സിപിഎം സ്ഥാനാർത്ഥിയായ ടിപി രാമകൃഷ്ണൻ പ്രതികരിച്ചത്.
ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താത്പര്യപ്പെടുന്നില്ല. എതിർസ്ഥാനാർത്ഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നത്. ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങൾ അദ്ദേഹത്തിന്റെ രീതികൾവെച്ച് തള്ളിക്കളയാനാകില്ല. എന്നാൽ ഇത്തരം ആരോപണങ്ങളൊന്നും താൻ പരിഗണിക്കുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
എന്നാൽ, തനിക്ക് എതിരെ ഉയർന്ന പെയ്ഡ് സീറ്റ് ആരോപണം സിഎച്ച് ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയിൽ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാൻ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയതിന് എതിരെ കടുത്ത വിമർശനങ്ങൾ പേരാമ്പ്രയിലെ ലീഗിനകത്ത് നിന്നു തന്നെ ഉയർന്നു കേട്ടിരുന്നു. ഇതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവും നീണ്ടിരുന്നു, എങ്കിലും ഒടുവിൽ സിഎച്ച് ഇബ്രാഹിംകുട്ടി തന്നെ നേതൃത്വം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post