തിരുവനന്തപുരം: ഹരിപ്പാട് മണ്ഡലത്തിൽ നിന്നും ഇത്തവണയും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയെ വെട്ടിലാക്കി യൂത്ത് കോൺഗ്രസ് നേതാവ്. ഹരിപ്പാട് വിമത സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതി നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് നിയാസ് മത്സരിക്കാനുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയത്.
ഈ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി പറയുന്നു. അവസാന മണിക്കൂറിൽ മുതിർന്ന നേതാവിനെതിരെ പത്രിക സമർപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ സീറ്റ് വിവാദത്തിനിടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം നിയാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അണികൾ അന്ധമായി പാർട്ടിയെ സ്നേഹിക്കുന്നുവെന്നും എന്നാൽ നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുകയാണെന്നും നിയാസ് ഭാരതി വിമർശിച്ചിരുന്നു. അതേസമയം, കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Discussion about this post