രുവനന്തപുരം: ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർത്ഥിയായ മോട്രോമാൻ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കവെയാണ് പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപി സ്വഭാവം കാണിക്കുമെന്നായിരുന്നു മാധ്യമങ്ങളോട് പിണറായിയുടെ പ്രതികരണം.
‘ഇ ശ്രീധരൻ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചെയ്തിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നിൽക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജൽപനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്,’-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ വിധിവരട്ടെയെന്നും എന്നിട്ടാകാം ചർച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം എടുത്തിട്ട് ആളുകളെ സ്വാധീനിച്ച് വോട്ടുനേടാനാണ് മറ്റുള്ളവരുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫിന് ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമില്ലെന്നും പിണറായി ഉറപ്പിച്ചു പറഞ്ഞു.
ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ പാലക്കാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയിൽ വെച്ചായിരുന്നു ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നത്. ഇതിനുമുമ്പു തന്നെ തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
Discussion about this post