തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവ് തന്നേയും ബാധിക്കുന്ന പ്രശ്നമാണെന്ന് തുറന്ന് പറഞ്ഞ് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് അൽഫോൺസ് കണ്ണന്താനം, ‘അത് ഞാൻ അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്നമാണ്. എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണ്,’ എന്ന് മറുപടി പറഞ്ഞത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
പാചകവാതക വില വർധനവിനെയും കണ്ണന്താനം വിമർശിച്ചു. പ്രചാരണത്തിന് വോട്ട് തേടി ചെല്ലുമ്പോൾ ആളുകൾ ഇതേ കുറിച്ചെല്ലാം ചോദിക്കില്ലേയെന്ന ചോദ്യത്തിന്, ‘ഇതൊന്നും പ്രശ്നമല്ലെന്ന് ഞാൻ പറയുന്നില്ല. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുവെന്ന് ഞങ്ങൾ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മൾ അധികാരത്തിൽ വരണമെന്ന് പറയുന്നത്. കോൺഗ്രസും മറ്റുള്ളവരുമെല്ലാം കൂടെ ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കി. കുറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അതു നമുക്ക് മൂന്ന് വർഷം കൊണ്ടോ അഞ്ച് വർഷം കൊണ്ടോ തീർക്കാവുന്ന പ്രശ്നങ്ങളല്ല.’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കുറെ അടിസ്ഥാന പ്രശ്നങ്ങൾക്കും പാവപ്പെട്ടവന്റെ പ്രശ്നങ്ങൾക്കും നമ്മൾ പരിഹാരം കണ്ടു. ബിസിനസും തുടങ്ങാനും ജോലികൾക്കുമുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത ഘട്ടത്തിലേക്ക് നമ്മൾ പോകണം. എല്ലാം നമ്മൾ ചെയ്തുതീർത്തിട്ടില്ല. പെട്രോൾ വില വർധനവ് അത്തരത്തിലൊരു പ്രശ്നമാണ്. അതിനും പരിഹാരം കാണണമെന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു.
നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധനവില ഉയരാതെ നിൽക്കുകയാണ്. 2021ൽ തുടർച്ചയായി ഇന്ധനവില വർധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിലെ പലയിടത്തും പെട്രോൾ വില 100 തൊട്ടതും വലിയ ആശങ്കയുണ്ടാക്കി. പെട്രോൾഡീസൽപാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നിരുന്നു.
Discussion about this post