വടകര: ഒന്നാം നിലയില്‍ നിന്ന് തലചുറ്റി താഴേയ്ക്ക് വീണയാളുടെ കാലില്‍ പിടുത്തമിട്ട് ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ യുവാവ് ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നാണ് അരൂര്‍ സ്വദേശി ബിനുവിന് തലകറങ്ങിയത്. നിമിഷ നേരംകൊണ്ട് പുറകിലേയ്ക്ക് വീഴുകയും ചെയ്തു.
ഈ സമയം, ബിനുവിന്റെ കാലില്‍ വേഗം കീഴലിലെ തയ്യില്‍ മീത്തല്‍ ബാബു പിടുത്തമിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഞൊടിയിടയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോള്‍ നിറകൈയ്യടിയാണ് ലഭിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ബാബു ബാങ്കില്‍ ക്ഷേമനിധിതുക അടയ്ക്കാന്‍ എത്തിയതായിരുന്നു. ഒന്നാംനിലയില്‍, ബാങ്കിനുപുറത്തെ വഴിയിലെ’ അരഭിത്തിയില്‍ ചാരിനില്‍ക്കവേ ബിനുവും അടുത്തുണ്ടായിരുന്നു.
സംസാരിച്ചുനില്‍ക്കവേ തലകറക്കം അനുഭവപ്പെട്ട ബിനു പിറകിലേക്ക് മറിഞ്ഞു. തല താഴെയും കാല്‍ മുകളിലുമായി താഴേക്കുപതിച്ചുവെന്ന് തോന്നിച്ച നിമിഷത്തില്‍ ബാബു ക്ഷണനേരംകൊണ്ട് കാലില്‍ പിടിക്കുകയായിരുന്നു. ആ പിടിവിടാതെ സൂക്ഷിക്കുകയുംചെയ്തു. സമീപത്തുള്ളവര്‍ ചേര്‍ന്ന് ബിനുവിനെ പിടിച്ചുകയറ്റി. ബിനു ഒന്നുംപറ്റാതെ രക്ഷപ്പെടുത്തുകയായിരുന്നു.
Discussion about this post