തിരുവനന്തപുരം: വാഹനാപകടം ജീവിതം കവർന്ന 24കാരൻ അരവിന്ദ് ഇനിയും ജീവിക്കും നാലുപേരിലൂടെ. കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയമുൾപ്പടെയാണ് നാലുപേരിൽ തുടിക്കുക. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയാണ് 319ാമത്തെ അവയവദാനത്തിലൂട നാലുപേർക്ക് പുതുജീവൻ നൽകിയത്. ഹൃദയവും കരളും വൃക്കകളുമാണ് അരവിന്ദിന്റെ കുടുംബം ദാനം ചെയ്തത്.
കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എയിൽ ആദിലിംഗം സുശീല ദമ്പതികളുടെ മകൻ അരവിന്ദിന് (24) ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് വ്യാഴാഴ്ച ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.
യുവാവിന്റെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പൊക്യുവർമെന്റ് മാനേജർ ഡോ മുരളീധരൻ എന്നിവർ ചേർന്ന് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ യുവാവിൽ നിന്നും അവയവങ്ങൾ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയും കാത്തിരുന്ന രോഗികൾക്കായി എത്തിക്കുകയുമായിരുന്നു.
ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരൾ ആസ്റ്റർ മെഡിസിറ്റിയിലും വൃക്കകൾ കിംസ് ആശുപതിയിലെ രോഗികൾക്കുമാണ് നൽകിയത്. ഹൃദയം അടിയന്തരമായി എത്തിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എയർ ആംബുലൻസിനെ ഉപയോഗപ്പെടുത്തിയാണ് കൊണ്ടുപോയത്. അടിയന്തരമായി അവയവം മാറ്റിവയ്ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട രോഗിയ്ക്കാണ് (സൂപ്പർ അർജന്റ് ലിസ്റ്റഡ് പേഷ്യന്റ്) കരൾ മാറ്റിവച്ചത്.
വൃക്കകൾ കിംസ് ആശുപത്രിയിലെ തന്നെ രോഗികൾക്കും മാറ്റിവച്ചു. അങ്ങനെ ഈ വർഷത്തെ രണ്ടാമത്തെ അവയവദാനവും വിജയകരമായി പൂർത്തീകരിച്ചു. തുടർ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരത്തിനായി നാട്ടിലേയ്ക്കു കൊണ്ടുപോയി. ആദിലിംഗമാണ് അരവിന്ദിന്റെ പിതാവ്. മാതാവ് സുശീല. ജഗൻ, ആനന്ദ്, മുരുഗേശ്വരി എന്നിവർ അരവിന്ദിന്റെ സഹോദരങ്ങളാണ്.
Discussion about this post