തൃശ്ശൂര്‍: ഇരുകാലുകളുമില്ല, ഭാഗികമായ കൈപ്പത്തിയും. ഈ സാഹചര്യങ്ങളെ പോലും അതിജീവിച്ച് ജീവിത വിജയം കൈവരിച്ചിരിക്കുകയാണ് തൃശ്ശൂര്‍ അതിരിപ്പിള്ളിയിലെ സിന്റോ. ഇപ്പോള്‍ തദ്ദേശവകുപ്പില്‍ ജോലി ലഭിച്ച സന്തോഷത്തിലാണ് സിന്റോ. എന്നാല്‍ സിന്റോയ്ക്ക് ഒരു ആഗ്രഹം മാത്രമെ ഒള്ളൂ. വീടിനടുത്ത് ഏത് ഓഫീസില്‍ ജോലി ചെയ്യാനാണ് താത്പര്യമെന്ന ചോദ്യത്തിന് തനിക്ക് അകലെയുള്ള ഓഫീസില്‍ ജോലി കിട്ടണമെന്ന് അറിയിച്ചത്.
തൃശ്ശൂര്‍ പുതുക്കാട് മണ്ണംപേട്ടയിലെ വീട്ടില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളിയിലെ ഓഫീസില്‍ ജോലിചെയ്യാന്‍ താത്പര്യം ആണെന്ന് സിന്റോ പറയുന്നു. കുന്നും മലകളും വളവുകളും കുഴിയും പുഴയും വെള്ളച്ചാട്ടവും കാട്ടുമൃഗങ്ങളുമുള്ള ഈ വഴിയിലൂടെ ദിവസവും 116 കിലോമീറ്റര്‍ കാറോടിച്ചാണ് സിന്റോ ജോലിക്ക് പോയിവരുന്നത്.
സിന്റോയുടെ അമ്പരപ്പിക്കുന്ന ജീവിതം;
പാറമടയില്‍ കൂലിപ്പണിക്കാരനായ അച്ഛന്‍ ആന്റണിയെ വീട്ടിലിരുത്തി അമ്മയും പെങ്ങളും അടങ്ങുന്ന കുടുംബത്തെ പത്തുവര്‍ഷമായി സംരക്ഷിക്കുന്നതും ഈ സിന്റോയാണ്. മുപ്പത്തിയൊന്നാം വയസ്സിലാണ് തദ്ദേശ വകുപ്പില്‍ ഓവര്‍സിയറായി ജോലികിട്ടുന്നത്. ഇതോടൊപ്പം, മറക്കാത്ത വേറെ മൂന്നു സംഭവങ്ങളുമുണ്ടായി -സ്വന്തമായി കാര്‍ വാങ്ങി ഓടിച്ചുതുടങ്ങി. ബോള്‍ഗാട്ടിക്കാരി ആന്‍സി കാതറീനെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ കോവിഡ് ബാധിച്ച് ഭേദമായി.
പെഡലുകള്‍ ലിവറുകളില്‍ ഘടിപ്പിച്ചാണ് ഡ്രൈവിംഗ് ചെയ്യുന്നത്. അംഗപരിമിതിയുമായി പിറന്ന സിന്റോ അഞ്ചാം ക്ലാസുവരെ സ്‌കൂളില്‍ പോയിട്ടില്ല. അങ്കണവാടി വര്‍ക്കറായ അമ്മ ജെസ്സി ഇരുചക്രവാഹനം വാങ്ങി ഡ്രൈവിങ് പഠിച്ചാണ് മകനെ ആറാംക്ലാസുമുതല്‍ സ്‌കൂളില്‍ കൊണ്ടുപോയത്. പ്ലസ് ടു ജയിച്ചശേഷം സിവില്‍ എന്‍ജിനിയറിങ്ങിലും ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങിലും ഡിപ്ലോമ നേടി.
ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. സ്വകാര്യസ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുകിട്ടിയ പണംകൊണ്ട് മുച്ചക്രസ്‌കൂട്ടറാണ് ആദ്യം വാങ്ങിയത്. അവധിദിവസങ്ങളില്‍ സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്രയായിരുന്നു ഹോബി. ബംഗളൂരുവിലും ചെന്നൈയിലും കേരളമൊട്ടുക്കും ഒറ്റയ്ക്ക് യാത്രചെയ്യുകയും ചെയ്തു. ഏറ്റവും ദൂരെ പോയത് ഹംപിവരെയാണ്. മലയാറ്റൂര്‍ മലയും കനകമലയും പരസഹായമില്ലാതെ സിന്റോ കയറിയിട്ടുണ്ട്.
Discussion about this post