തൃശ്ശൂര്‍: അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്ന് സുരേഷ് ഗോപി എംപി. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്.
തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി
തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും.
ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷം ഗുണകരമാകുന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
Discussion about this post