കൊച്ചി: കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയർമാനും മുൻ എംപിയുമായ സ്‌കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് നെഗറ്റീവായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ ബാധയാണ് മരണകാരണം.
ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയർമാനായിരുന്നു. 1977ലും 80ലും കോട്ടയത്ത് എംപിയായിരുന്നു. പിന്നീട് 84ലെ മൽസരത്തിൽ സിപിഎമ്മിലെ കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്.
കെഎം മാണിക്കൊപ്പവും പിജെ ജോസഫിനൊപ്പവും പിസി തോമസിനൊപ്പവും കേരളാ കോൺഗ്രസുകളിൽ പ്രവർത്തിച്ചു. 2015ൽ പിളർപ്പിന് ശേഷം പിസി തോമസുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തം പേരിൽ പാർട്ടിയുണ്ടാക്കി.
ട്രാവൻകൂർ ഷുഗേഴ്‌സ് ചെയർമാൻ, കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് എന്റർ പ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ക്‌നാനായ സഭാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിൽ കെടി സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ:നിർമല, അനിത, സക്കറിയ, ലത.