കോഴിക്കോട്: തികഞ്ഞ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.
കരുത്തുറ്റ യുവനേതാവ് ജനവിധി തേടുമ്പോള്‍ സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന് മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുകയാണ്.
”1998…ല്‍ അയാള്‍ക്ക് സിപിഐ (എം) അംഗത്വം കിട്ടി.
അയാളെ 2009 ലെ ലോക്സഭാ ഇലക്ഷനില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിയ്ക്കുന്നു. മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടി ഒരുറച്ച സീറ്റ് യുവനേതാവിനായി നീക്കിവച്ചപ്പോള്‍ പലരും അത് യുവത്വത്തിനുള്ള അംഗീകാരമായിത്തന്നെ കരുതി, എന്നാല്‍ ആ സീറ്റില്‍ കണ്ണുനട്ടു നിരാശനായിപ്പോയ ഒരു ഘടകകക്ഷി നേതാവ്, പ്രസ്തുത യുവ സ്ഥാനാര്‍ത്ഥി ആരോപണ വിധേയനായ – ”വെറുക്കപ്പെട്ടവനെന്നു ‘ വരെ വിശേഷിപ്പിയ്ക്കപ്പെട്ട – ഒരു വ്യവസായിയുടെ ബന്ധുവാണെന്ന് നുണ പറഞ്ഞു,
കേരളത്തിലെ ശ്രദ്ധേയനായ ഒരു സാംസ്ക്കാരിക നേതാവ് ആ നുണ ഏറ്റുപറഞ്ഞു. വാസ്തവത്തില്‍ ആ യുവാവ് ആ വ്യവസായിയുടെ ബന്ധു ആയിരുന്നില്ല എന്നു മാത്രമല്ല അയാളെ കണ്ടിട്ടുപോലുമില്ലായിരുന്നു! പക്ഷേ, സത്യാനന്തര കാലത്ത് ആര് നേരുകള്‍ തിരയാന്‍! കേവലം 838 വോട്ടുകള്‍ക്ക് യുവ സ്ഥാനാര്‍ത്ഥി തോറ്റു, കളവ് വിജയിച്ചു!
പിന്നീട് ആ കളവുകള്‍ തോത്പിച്ച യുവാവിനെ ഞാന്‍ കാണുന്നതൊക്കെയും ഉത്തരേന്ത്യയിലെ സമരഭൂമിയിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ അയാളെ ദില്ലി പോലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടു, പശു രാഷ്ട്രീയം ഭീഷണി ഉയര്‍ത്തിയ ഇടങ്ങളില്‍ പതറാതെ പുരോഗമന രാഷ്ട്രീയം പറഞ്ഞു, മഹാരാഷ്ട്രയിലേയും ഹിന്ദി ഹൃദയ ഭൂമിയിലെയും സഖാക്കളെ സംഘടിപ്പിച്ച് പുരോഗമന യുവജനപ്രസ്ഥാനത്തെ പുതിയ കെട്ടുറപ്പിലേക്ക് നയിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ പ്രകോപിതമാകാത്ത സൗമ്യതയായി, സിപിഐ (എമ്മിന്റെ) സംസ്ഥാന കമ്മിറ്റിയംഗമായി!
പാര്‍ട്ടി അംഗത്വം കിട്ടി 23 വര്‍ഷം കഴിഞ്ഞ ആ സംസ്ഥാന കമ്മിറ്റി അംഗത്തെ ആദ്യമായി നിയമസഭയിലേക്ക് നിര്‍ത്താന്‍ അയാളുടെ പാര്‍ട്ടി തീരുമാനിയ്ക്കുമ്പോള്‍ വീണ്ടും പഴയപടി ബന്ധുത്വ ആരോപണത്തിന്റെ വ്യാപാരികള്‍ കളം നിറഞ്ഞാടാന്‍ എത്തിയിട്ടുണ്ട്! അല്ലെങ്കിലും കളവുകള്‍ കൊണ്ടാണ് എന്നും ശത്രുക്കള്‍ അയാള്‍ക്കെതിരെ നിന്നിരുന്നത് – അയാളുടെ വിവാഹ ചിത്രത്തെപ്പോലും അവര്‍ വെറുതെ വിട്ടില്ല!
അയാളുടെ വിവാഹ ചിത്രത്തില്‍ കുറ്റാരോപിതരെ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിയ്ക്കുന്നതില്‍ ഉന്നത നേതാക്കന്മാര്ക്ക് വരെ പങ്കുണ്ടായിരുന്നു! അയാളുടെ വിവാഹത്തില്‍ സംഘപരിവാരക്കൂട്ടം ന്യൂനപക്ഷ വിദ്വേഷത്തിന്റെ അസഭ്യം ചൊരിഞ്ഞു! എന്നും കളവുകളുടെ കൂട്ടങ്ങള്‍ അയാളുടെ ചോരയ്ക്കായ് പിന്നാലെ കൂടിയിരുന്നു! ഇന്നുമുണ്ട്!”
Discussion about this post